Skip to main content

കര്‍ക്കിടക വാവ്: ബലിതര്‍പ്പണത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കും

 

ജൂലൈ 17 ന് കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണ ചടങ്ങള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബലിതര്‍പ്പണം നടക്കുന്ന പ്രധാന കേന്ദ്രമായ ആലുവ മണപ്പുറത്ത് മഴയുടെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. ചേലാമറ്റം, കാലടി അദ്വൈതാശ്രമം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും.  

ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ജീവനക്കാരെ സ്ഥലത്ത് വിന്യസിക്കും. സ്‌കൂബ ഡൈവേഴ്‌സ്, എയര്‍ എന്‍ജിനുകള്‍, ബോട്ടുകള്‍, റബ്ബര്‍ ഡിങ്കികള്‍ എന്നിവ സ്ഥലത്ത് സജ്ജമാക്കും. നീന്തല്‍ അറിയാവുന്ന സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരെ സ്ഥലത്ത് സജ്ജമാക്കും. 250 ലധികം വൊളന്റിയര്‍മാര്‍ സേവന സന്നദ്ധരായി രംഗത്തുണ്ടാകും. 

പെരിയാറിലെ ജലനിരപ്പ് ഇടവിട്ട അവസരങ്ങളില്‍ പരിശോധിച്ച് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. കടവുകളില്‍ ചെളി അടിഞ്ഞു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കും. സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. പ്രധാന റോഡുകളിലും തിരക്ക് കൂടുന്ന സ്ഥലങ്ങളിലും ഗതാഗതം ക്രമീകരിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ കൂടുതല്‍ ലൈറ്റിംഗ് സജ്ജീകരണം ഏര്‍പ്പെടുത്തും. കൂടുതല്‍ ജീവനക്കാരും സ്ഥലത്തുണ്ടാകും. 

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബയോടോയ് ലെറ്റുകള്‍ സജ്ജമാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം അധികൃതരുമായി സഹകരിച്ച് നിര്‍വഹിക്കും.   കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തും. തോട്ടക്കാട്ടുകര, ഒക്കല്‍, കാലടി എന്നിവിടങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കും. പ്രധാന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. ആംബുലന്‍സുകളുടെയും ഡോക്ടര്‍മാരുടെയും സേവനവും ഉറപ്പാക്കും. 

കടകളിലും ഹോട്ടലുകളിലും വില്‍ക്കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രത്യേക പരിശോധനകള്‍ നടത്തും. അനധികൃത മദ്യവില്‍പ്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

ആലുവ, കുന്നത്തുനാട് തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ചുമതലപ്പെടുത്തി. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് മുഴുവന്‍ സമയവും കുടിവെള്ള ലഭ്യത ഉറപ്പാക്കും. 

കടവുകളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബാരിക്കേഡുകള്‍ സജ്ജമാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണം. തിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ അനാവശ്യമായി പുഴയില്‍ ഇറങ്ങുന്നത് നിയന്ത്രിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള ജീവനക്കാരെ കൂടുതലായി നിയോഗിക്കണം. 

മണപ്പുറത്ത് പുഴ കവിഞ്ഞ് വെള്ളം കയറുന്ന അവസ്ഥയുണ്ടെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍കൂട്ടി വിവരം അറിയിക്കണം. അതനുസരിച്ച് ബലിത്തറകള്‍ ക്രമീകരിക്കണം. ഈ സാഹചര്യത്തില്‍ മണപ്പുറത്തേക്കുള്ള ജനങ്ങളുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. 

കര്‍ക്കിടക വാവിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി കളക്ടറേറ്റ് ട്രെയിനിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 
അന്‍വര്‍ സാദത്ത് എം.എല്‍.എ., ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കൗണ്‍സിലര്‍ കെ.വി. സരള, ആലുവ റൂറല്‍ എഎസ്പി ജുവാനപ്പുടി മഹേഷ്, ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ പി. വിഷ്ണുരാജ്, മുവാറ്റുപുഴ ആര്‍ഡിഒ പി.എന്‍. അനി, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date