Skip to main content

അമേയയുടെ കത്തിന് പരിഹാരം; കിഴക്കേ കടുങ്ങല്ലൂർ എൽ. പി സ്കൂളിന് രണ്ട് കോടി: മന്ത്രി പി. രാജീവ്

 

 സ്കൂൾ ആകെ തകർന്നിരിക്കുകയാണെന്നും ഉടൻതന്നെ ഒരു പുതിയ കെട്ടിടം അനുവദിച്ചു തരണം എന്നുള്ള 
അമേയയുടെ കത്തിന് പരിഹാരമായി. കിഴക്കേ കടുങ്ങല്ലൂർ എൽ.പി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി രണ്ടുകോടി രൂപ അനുവദിച്ചു എന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. 

കളമശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനമികവിന് വ്യവസായ നിയമ മന്ത്രി പി.രാജീവ് ഏർപ്പെടുത്തിയ 'വിദ്യാർത്ഥികൾക്കൊപ്പം കളമശ്ശേരി' - ആകാശ മിഠായി സീസൺ 3 പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് മന്ത്രി പി. രാജീവ്‌ സ്കൂളിന് ഫണ്ട്‌ അനുവദിച്ചകാര്യം പറഞ്ഞത്. കൂടാതെ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് 16 കോടി രൂപയുടെ പദ്ധതി നടന്നുവരികയാണെന്നും മന്ത്രി പി. രാജീവ്  പറഞ്ഞു.

 ഏലൂർ നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എ  പ്ളസ് നേടിയവർ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർ, ഡോക്ടറേറ്റ് ലഭിച്ചവർ  എന്നിവരേയും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കുമാണ് പുരസ്കാരം നൽകിയത്.കൂടാതെ 
മണ്ഡലത്തിൽ ഉൾപ്പെട്ട കളമശ്ശേരി, ഏലൂർ നഗരസഭകളിലേയും ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, കുന്നുകര എന്നീ പഞ്ചായത്തുകളിലേയും ഉന്നത വിജയം നേടിയവർക്കും മന്ത്രി പുരസ്കാരങ്ങൾ നൽകി. 
 1750 ഓളം പേർക്ക് നിയമസഭാ മണ്ഡലത്തിലൊട്ടാകെ കഴിഞ്ഞ 2 വർഷങ്ങളിലായി ആകാശ മിഠായി പുരസ്കാരം നൽകിയിരുന്നു. ഇത്തവണ 674 പേരാണ് പുരസ്കാരത്തിന് അർഹത നേടിയത്.

നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുറമേ മണ്ഡലത്തിൽ താമസിക്കുകയും മണ്ഡലത്തിന് പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്കും പുരസ്കാരം നൽകി. സ്കൂൾ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ കളമശ്ശേരിയിൽ നടപ്പാക്കുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് ആകാശ മിഠായി പുരസ്കാരം.

 ചടങ്ങിൽ ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ ഡി സുജില്‍,കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ,  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പാറപ്പള്ളി, കെ വി രവീന്ദ്രൻ,  ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രതീഷ്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ സൈന ബാബു, എം.പി മനാഫ്, ശ്രീലത ലാലു,  വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date