Skip to main content

കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ചെല്ലാനം മാതൃക ആവശ്യപ്പെട്ട് തീരവാസികള്‍

 

കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സന്ദര്‍ശിച്ചു. കണ്ണമാലി ചെറിയ കടവില്‍ ആണ് കളക്ടറും സംഘവും ആദ്യമെത്തിയത്. കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. സ്തീകളും കുട്ടികളും മുതിര്‍ന്നവരു മടങ്ങുന്ന വലിയ സംഘം കളക്ടര്‍ക്കു മുന്നില്‍ ആശങ്കയറിയിച്ചു. ചെല്ലാനം മാതൃകയില്‍ ടെട്രാപോഡുകള്‍ സ്ഥാപിക്കണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെട്ടു.

ചെല്ലാനം, നായരമ്പലം, എടവനക്കാട് എന്നീ തീരദേശ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി. ജിയോ ബാഗ് തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും നേരില്‍ക്കണ്ടു. 

താത്കാലിക പരിഹാരം എന്ന നിലയില്‍ കര്‍ക്കിടക വാവിനു മുന്‍പായി ജിയോബാഗുകള്‍ സ്ഥാപിക്കുന്ന ജോലികളും മണല്‍വാട ശക്തിപ്പെടുത്തലും പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നിലവിലുള്ള കടല്‍ഭിത്തിയിലെ അടര്‍ന്നു വീണ കല്ലുകള്‍ പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കും. ചെല്ലാനത്ത് ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിച്ചിട്ടുണ്ട്. അത് അവിടുത്തെ ജനങ്ങള്‍ക്ക് ശാശ്വത പരിഹാരമായിട്ടുണ്ട്. ചെല്ലാനത്തുകാര്‍ക്ക് ഈ മഴക്കാലത്ത് കടല്‍ക്ഷോഭം നേരിടേണ്ടി വന്നിട്ടില്ല. ചെല്ലാനം മാതൃക മറ്റു തീരദേശ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കണ്ണമാലിയില്‍ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ക്യാംപുകളിലും ജനങ്ങള്‍ താമസിച്ചുവരുന്നു. സര്‍ക്കാര്‍ അനുമതിയോടെ ഈ പ്രദേശത്തും ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇറിഗേഷന്‍ വകുപ്പും സ്വീകരിക്കും. നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

കണ്ണമാലി പുത്തന്‍തോട് പ്രദേശവും ചെറിയ കടവും കളക്ടറും സംഘവും സന്ദര്‍ശിച്ചു. ഹൈബി ഈഡന്‍ എം.പിയും സ്ഥലത്തെത്തി.

തുടര്‍ന്ന് നായരമ്പലം വെളിയത്താംപറമ്പിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. നായരമ്പലത്ത് 350 മീറ്ററില്‍ ജിയോ ബാഗ് സ്ഥാപിക്കുന്ന ജോലികള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കും. ജിയോബാഗ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. ശാശ്വത പരിഹാരത്തിന് ടെട്രാപോഡ് പദ്ധതിക്കായി വിശദമായ പദ്ധതി രേഖ തയാറാക്കി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

തുടര്‍ന്ന് എടവനക്കാട് പഴങ്ങാട് ബീച്ചിലെത്തിയ കളക്ടര്‍ തകര്‍ന്ന തീരദേശ റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വൈപ്പിന്‍ അണിയില്‍ ബീച്ചില്‍ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

സബ് കളക്ടര്‍ പി. വിഷ്ണുരാജ്, കൊച്ചി താലൂക്ക് തഹസില്‍ദാര്‍ സുനിത ജേക്കബ്, അസിസ്റ്റന്റ് കളക്ടര്‍ നിഷാന്ത് സിഹാര, ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, 
ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. അബ്ബാസ്, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date