Skip to main content
കൊച്ചി നഗരത്തിനായുള്ള മൺസൂൺ കൺട്രോൾ റൂമിന്റെ പ്രവർത്തനം മേയർ എം. അനിൽ കുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ, സി എസ് എം എൽ സി ഇ ഓ ഷാജി വി നായർ,  കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദിർ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.

കാലവർഷക്കെടുതികൾ അറിയിക്കാൻ കൊച്ചിയിൽ കൺട്രോൾ റൂം സജ്ജം

കൊച്ചി നഗരത്തിനായുള്ള കേന്ദ്രീകൃത ദുരന്ത നിവാരണ കൺട്രോൾ
 റൂം പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കീഴിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ് (ഐസി 4) ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.

  സിറ്റി പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന വകുപ്പ്, ആരോഗ്യ വകുപ്പ് , കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കൊച്ചി, കണയന്നൂർ താലൂക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഈ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ അതതു വകുപ്പുകൾക്ക് കൈമാറി വേണ്ട പരിഹാര നടപടികൾ കൈക്കൊള്ളാൻ നിർദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.

നിലവിൽ കൊച്ചി നഗരവാസികൾക്ക് മഴക്കാലത്ത് ഉണ്ടാകുന്ന കാലവർഷ കെടുതികൾ അറിയിക്കാൻ 0484 2795710, 2795711 എന്നീ ഹെൽപ്പ് ഡെസ്‌ക് നമ്പറുകളിൽ 24മണിക്കൂറും സേവനം ഉണ്ടായിരിക്കും.

കഴിഞ്ഞ മഴക്കാലത്ത് താൽക്കാലിക കൺട്രോൾ റൂമായും കോവിഡ് വ്യാപന സമയത്ത് കേരളത്തിലെ വാർ റൂമായും ആയിരുന്നു കൊച്ചിയിലെ ഐ സി4 പ്രവർത്തിച്ചിരുന്നു.

 വിവിധ സർക്കാർ വകുപ്പുകളിൽനിന്നും സേവനങ്ങളിൽനിന്നുമുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തു വിലയിരുത്തി മികച്ച നഗരാസൂത്രണം സാധ്യമാക്കാൻ സഹായിക്കുന്ന ഈ കൺട്രോൾ സെന്റർ  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാവുന്ന ഒന്നുകൂടിയാണ്. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഘട്ടം ഘട്ടമായി ഇതിലൂടെ ഏകോപിക്കുന്ന പ്രവർത്തങ്ങൾ നടന്നു വരികയുമാണ് .

   നിലവിൽ കൊച്ചി സ്മാർട്ട്സി മിഷൻ ലിമിറ്റഡിന്റെ കീഴിൽ നടക്കുന്ന ഇന്റലിജന്റ് സിറ്റി സർവൈലൻസ് (ഐ. സി. എസ്. എസ് ) പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിൽ 141 ഇടങ്ങളിലായി സ്ഥാപിച്ച 464 ക്യാമറകളും, നഗരത്തിലെ  21 ജംഗ്ഷനുകളിൽ ഗതാഗത നിയന്ത്രണത്തിനും  നിരീക്ഷണത്തിനുമായി സ്ഥാപിച്ച 91 ക്യാമറകളും, നഗരത്തിലെ റോഡുകളിലുള്ള  3056 തെരുവ് വിളക്കുകളുടെ പ്രവർത്തനവും നിരീക്ഷണവും  കമാൻഡ് സെന്ററുമായി ഏകോപിപ്പിച്ചിട്ടുണ്ട്. കൂടാതെ 23618 സ്മാർട്ട് ഇലക്ട്രിക് മീറ്റർ,  ഒരു മെഗാ വാർട്ട് റൂഫ് ടോപ് സോളാർ പദ്ധതി എന്നിവയും ഏകീകരിച്ചിട്ടുണ്ട് .  സി.എസ്.എം.എലിന്റെ നേതൃത്വത്തിൽ പുതുതായിഏറ്റെടുത്തു നടത്തുന്ന പദ്ധതികളായ ജി.ഐ.എസ്.മാപ്പിംഗ്, വേസ്റ്റ് മാനേജ്മന്റ്, ഇ ഗവെർണൻസ് എന്നിവയും ഐ.സി4 മായി ഏകോപിപ്പിക്കും. 
 
ഈ പ്രവർത്തനങ്ങളുടെ വിവശേഖരണവും ദൃശ്യവൽക്കരണവും ഇതിന്റെ വിവരങ്ങൾ വിശകലനം ചെയ്തു  പരസ്പര ബന്ധം മനസ്സിലാക്കി  ജനങ്ങളിലേക്കും വിവിധ വകുപ്പുകളിലേക്കും കൃത്യമായ ആശയവിനിമയം സാധ്യമാക്കാൻ  വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന പ്രവർത്തനമാണ് ഐ.സി4 ലൂടെ നടപ്പിലാക്കുന്നത്. വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അതതു തലങ്ങളിൽ അവയുടെ നവീകരണം നടത്താൻ  വകുപ്പുകൾക്ക്  ഇതിലൂടെ
പെട്ടെന്ന് സാധിക്കുകയും ചെയ്യും. അത്തരത്തിൽ കൂടുതൽ വകുപ്പുകളുമായി ബന്ധിപ്പിച്ചു നാഗരാസൂത്രണത്തിനും വികസനത്തിനും ഇതിലൂടെ സാധിക്കും.

മൺസൂൺ കൺട്രോൾ റൂം പ്രവർത്തനങ്ങൾ കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ,ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ് ,  കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ.ഷാജി.വി.നായർ,  സിറ്റി പോലീസ് കമ്മീഷണർ കെ.  സേതുരാമൻ,  കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ വിലയിരുത്തി.

date