Skip to main content

മട്ടാഞ്ചേരി ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനം ആരംഭിച്ചു

 

മട്ടാഞ്ചേരി ഉപജില്ലയിൽ വിദ്യാരംഗം കലാസാഹിത്യവേദി 2023-24 പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കെ.ജെ മാക്സി എം. എൽ. എ നിർവഹിച്ചു. വളർന്നുവരുന്ന സർഗ പ്രതിഭകൾക്ക് കലയുടെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് പ്രവേശിക്കുവാനുള്ള പടിവാതിൽ തുറന്ന് നൽകുകയാണ് മട്ടാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ.

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനൊപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.

വിദ്യാലയങ്ങളിൽ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, സെമിനാറുകൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്.

മട്ടാഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൊച്ചി കോർപ്പറേഷൻ നാലാം ഡിവിഷൻ കൗൺസിലർ കെ.എ മനാഫ് അധ്യക്ഷത വഹിച്ചു. നർത്തകി രാജശ്രീ പ്രേം  മുഖ്യാതിഥിയായ ചടങ്ങിൽ മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എൻ സുധ, ജി.ജി.എച്ച്.എസ്.എസ് മട്ടാഞ്ചേരി പ്രിൻസിപ്പാൾ ബിജി ആനി ടി സാം, ഹെഡ്മാസ്റ്റർ ജി മുരളീധരൻ പിള്ള എന്നിവർ പങ്കെടുത്തു. ഉപജില്ലാതല വായന മാസാചരണത്തിന്റെ ഭാഗമായുള്ള മത്സരങ്ങളുടെ സമ്മാനവിതരണവും ചടങ്ങിൽ നടന്നു.

 

 

date