Skip to main content

സ്കൂൾ കൺസ്യൂമർ ക്ലബ്ബുകൾ പുന:സംഘടിപ്പിക്കുന്നതിന് നടപടി

 

ഉപഭോക്തൃ സന്നദ്ധ സംഘടനാ പ്രതിനിധി യോഗം

സ്കൂൾ കുട്ടികളിൽ ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് സ്കൂൾ കൺസ്യൂമർ ക്ലബ്ബുകൾ പുന:സംഘടിപ്പിക്കുക എന്ന സർക്കാർ പദ്ധതിക്കാവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന
ജില്ലയിലെ ഉപഭോക്തൃ സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

 ജില്ലയിലെ ഉപഭോക്തൃ സംഘനകളായ കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള, കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ, ഉപഭോക്തൃ ജാഗ്രതാ സമിതി, എറണാകുളം ജില്ലാ
ഉപഭോക്തൃ സമിതി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി, കൺസ്യൂമർ പ്രൊട്ടക്ഷൻ, എറണാകുളം, കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ ആന്റ് വെൽഫെയർ ഫെഡറേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

ഉപഭോക്തൃ ബോധവൽക്കരണം വിപുലീകരിക്കുന്നതുവഴി ഉപഭോക്താവിന്റെ അവകാശങ്ങൾ നേടിയെടുക്കുകയും ഉപഭോക്താവിനെ ചൂഷണം ചെയ്യുന്നതിൽ നിന്നും രക്ഷിക്കുന്നതിനും വേണ്ടി ഉപഭോക്തൃ സംഘടനകൾ കൂട്ടി യോജിപ്പിച്ചുകൊണ്ട് ജില്ലയിൽ നടപ്പാക്കേണ്ട പദ്ധതികൾ യോഗത്തിൽ ആസൂത്രണം ചെയ്തു. 

ഉപഭോക്താക്കളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് റസിഡൻസ് അസോസിയേഷൻ എന്നിവ മുഖാന്തിരം ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

ഉപഭോക്താക്കളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ എന്നിവ മുഖേന ബോധവത്കരണ ക്ലാസുകൾ നടത്തും.
പൊതുവിതരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ കേരളം മാസിക ജില്ലയിലെ എല്ലാ വായനശാലകളിലും എത്തിക്കുക, ഉപഭോക്തൃ കോടതികളിൽ എല്ലാ രേഖകളും മലയാളത്തിൽ തയ്യാറാക്കുക,  എല്ലാ സർക്കാർ ഓഫീസുകളിലും പണമിടപാടുകൾക്ക് ക്യു.ആർ. കോഡ്, സ്വൈപ്പിംഗ് മെഷീൻ എന്നിവ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഗ്യാസ് വിതരണം, റേഷൻ വിതരണം എന്നിവ സംബന്ധിച്ച പ്രശ്നങ്ങളും പരാതികളും യോഗം ചർച്ച ചെയ്തു. പരാതികളിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ഉറപ്പു നൽകി.

മൂന്നു മാസം കൂടുമ്പോൾ ഉപഭോക്തൃ സംഘടനകളുടെ അവലോകന യോഗം ചേരാനും തീരുമാനിച്ചു.

date