Skip to main content

നിര്‍മാണം വേഗത്തില്‍; മണ്ണുപുറത്തെ പുനര്‍ഗേഹം ഫ്‌ളാറ്റ് ഉടന്‍ യാഥാര്‍ഥ്യമാകും

ആലപ്പുഴ: തീരദേശ നിവാസികള്‍ക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതി വഴി പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. 228 കുടുംബങ്ങളെയാണ് ഈ ഫ്‌ളാറ്റിലേക്ക് പുനരധിവസിപ്പിക്കുക. 17 ബ്ലോക്കുകളിലായി നിര്‍മ്മിക്കുന്ന 228 വ്യക്തിഗത ഫ്‌ളാറ്റുകളില്‍ 204 ഫ്‌ലാറ്റുകളുടെ സ്ട്രച്ചറല്‍ ജോലികള്‍ പൂര്‍ത്തിയായി. ഇവയുടെ പ്ലാസ്റ്ററിങ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇലക്ട്രിഫിക്കേഷന്‍, പ്ലംബിങ് ജോലികളും പുരോഗമിക്കുകയാണ്. ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി വിലയിരുത്തിയിരുന്നു.  

പുറക്കാട് വില്ലേജില്‍ മണ്ണുപുറത്ത് ബ്ലോക്ക് നമ്പര്‍ 21 ല്‍ റീസര്‍വ്വേ 123/2ല്‍പ്പെട്ട പ്രദേശത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി കിട്ടിയ 3.49 ഏക്കര്‍ ഭൂമിയിലാണ് കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ ആധുനിക ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. ഓരോ ബ്ലോക്കിലും 12 വ്യക്തിഗത ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. 491 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് കിടപ്പുമുറി, ഒരു അടുക്കള, ഒരു ലിവിംഗ് /ഡൈനിംഗ് ഏരിയ, ടോയ്‌ലറ്റ് എന്നിവയാണുള്ളത്. ഫ്‌ളാറ്റുകള്‍ക്കായി ഏകീകൃത കുടിവെള്ളം സംവിധാനവും ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക്, ഫ്‌ളാറ്റ് സമുച്ചയത്തിനായി ചുറ്റുമതില്‍, ഇന്റെര്‍ലോക്ക് പാകിയ നടപ്പാതകള്‍, ടാര്‍ റോഡ് എന്നിവയും ഒരുങ്ങുന്നുണ്ട്.

2018 -2019 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് നടത്തിയ സര്‍വ്വേ പ്രകാരം ആലപ്പുഴ ജില്ലയില്‍ തീരപ്രദേശത്ത് 50 മീറ്റര്‍ പരിധിയില്‍ 4660 കുടുംബങ്ങളാണ് അധിവസിക്കുന്നത്. പുനര്‍ഗേഹം പദ്ധതിക്കായി 1804 കുടുംബങ്ങളെ ജില്ലാതല കമ്മിറ്റി ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ മാറി താമസിക്കുന്നതിനായി സന്നദ്ധത അറിയിച്ചിട്ടുള്ളത് 1204 ഗുണഭോക്താക്കള്‍ ആണ്. 813 ഗുണഭോക്താക്കള്‍ പദ്ധതി പ്രകാരം ഭൂമി കണ്ടെത്തി ഭൂമിവില ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. 716 ഗുണഭോക്താക്കള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും 504  ഗുണഭോക്താക്കള്‍ ഇതുവരെ പദ്ധതി ധനസഹായം പൂര്‍ണമായും കൈപ്പറ്റുകയും ചെയ്തു. 310 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 235 ഗുണഭോക്താക്കള്‍ സുരക്ഷിതമായ ഭവനത്തിലേക്ക് മാറി താമസിക്കുകയും ചെയ്തു.

തീരപ്രദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് പുനര്‍ഗേഹം. സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാന്‍ തയ്യാറാവുന്ന ഗുണഭോക്താവിന് ഭൂമി വാങ്ങാനും ഭവന നിര്‍മ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപ  ധനസഹായം നല്‍കുന്ന പദ്ധതിയും പുനര്‍ഗേഹം വഴി ഫിഷറീസ് വകുപ്പിന് നടപ്പാക്കുന്നുണ്ട്. ഭൂമി വാങ്ങുന്നതിന് പരമാവധി ആറ് ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിനു നാലുലക്ഷം രൂപയും അടക്കം 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ഭൂമി വാങ്ങുന്നതിനായി ആറ് ലക്ഷം രൂപയില്‍ കുറവാണ് ചെലവാകുന്നതെങ്കില്‍ ബാക്കി തുക ഭവന നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്.  ഭൂമി വാങ്ങുന്നതിനായി രജിസ്‌ട്രേഷനും ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വയ്ക്കുന്ന മുറക്ക് 40 ശതമാനം തുക ഒന്നാം ഘട്ടം ധന സഹായമായും ലിന്റല്‍ മട്ടം പൂര്‍ത്തിയാകുമ്പോള്‍ 40 ശതമാനം തുക രണ്ടാം ഘട്ടമായും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറക്കു 20 ശതമാനം മൂന്നാം ഘട്ടം അനുവദിക്കുന്നു. കൂടാതെഗുണഭോക്താവ് രണ്ട് സെന്റില്‍ കുറയാത്ത ഭൂമിയും 400 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വാസയോഗ്യമായ ഭവനവും വാങ്ങുന്ന പക്ഷം 10 ലക്ഷം രൂപ പൂര്‍ണമായി അനുവദിക്കുന്നതാണ്. ഗുണഭോക്താവ് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും  നിലനിര്‍ത്തി നല്‍കും.

date