Skip to main content

ചേർത്തല ഇരുമ്പു പാലത്തിലൂടെ  വെള്ളിയാഴ്ച മുതൽ  ഗതാഗത നിയന്ത്രണം

ആലപ്പുഴ: ചേർത്തല നഗരത്തിലെ ഇരുമ്പു പാലത്തിന്  ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കും. പാലത്തിലൂടെയുള്ള ഭാര വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിൽ ചേർന്ന മുനിസിപ്പൽ ട്രാഫിക് കമ്മിറ്റിയിലാണ് തീരുമാനമായത്. 
ചേർത്തലയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകൾ എക്സറേ ജംഗ്ഷൻ വഴി സ്റ്റാൻഡിലേക്കും തിരിച്ചും സർവീസ് നടത്തും. അരൂക്കുറ്റി, തവണക്കടവ്, കോട്ടയം, മുഹമ്മ തുടങ്ങിയ ഇടങ്ങളിൽ
നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകൾ   ഹൈവേ വഴി പോലീസ് സ്റ്റേഷൻ ജംഗ്ഷനിലൂടെ പ്രൈവറ്റ് ബസ്റ്റാൻഡിൽ പ്രവേശിക്കണം. 
 ടുവീലർ, കാർ, പിക്ക്അപ്പ്‌, ഓട്ടോറിക്ഷ തുടങ്ങിയ  ചെറു വാഹനങ്ങൾ മാത്രം പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി. ഇരുമ്പു പാലത്തിലൂടെ ഭാരവണ്ടികളുടെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ  ഇടപെടലിനെ തുടർന്ന്  കൺസൾട്ടന്റ്  ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം കഴിഞ്ഞദിവസം പാലം പരിശോധിച്ചിരുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ക്യാമ്പ് ഓഫീസിൽ നഗരസഭ അധികൃതർ, പോലീസ്, മോട്ടോർ വാഹന,   കെ.ആർ.എഫ്.ബി, പൊതുമരാമത്ത് , ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച മുനിസിപ്പൽ ട്രാഫിക് കമ്മറ്റി ചേർന്നത്.

date