Skip to main content

വിദ്യാർഥികൾ വിശാലമായ അറിവുകൾ നേടാൻ ശ്രമിക്കണം: ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്

 

വിശാലമായ അറിവുകൾ ആർജിക്കാനുള്ള ശ്രമമാണ് പഠന കാലത്ത് ഓരോ വിദ്യാർഥിയും നടത്തേണ്ടതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി കളമശേരി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയായിരുന്നു കളക്ടർ. വിശാലമായ അറിവുകൾ നേടാൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം. എന്തുകൊണ്ട്? എങ്ങനെ? ഈ ചോദ്യങ്ങൾ എപ്പോഴും മനസിലുണ്ടാകണം. മുൻതലമുറ നിരന്തരമായി ഈ ചോദ്യങ്ങൾ ചോദിച്ചതു കൊണ്ടാണ് കേരളം പല മേഖലകളിലും ഇന്ന് മികച്ചു നിൽക്കുന്നത്. പാഠപുസ്തക ങ്ങൾക്കൊപ്പം എല്ലാത്തരം പുസ്തകങ്ങളും വായിക്കണം. പഠനത്തോടൊപ്പം മറ്റു കഴിവുകളും ആർജിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യങ്ങൾക്കും കളക്ടർ മറുപടി നൽകി. കാക്കനാട് കാർഡിനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം.ടി. സൗരഭ് വരച്ച കളക്ടറുടെ ചിത്രം
അദ്ദേഹത്തിന് കൈമാറി.

ലോക യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് പെൻസിൽ സ്കെച്ചിംഗ്, ഐഡിയേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷൻ, ഫാഷൻ ഡിസൈനിംഗ് എന്നീ വർക്ക് ഷോപ്പുകളാണ് സംഘടിപ്പിച്ചത്. ഐഡിയേഷൻ ലാബിലെ ടീമംഗങ്ങൾ തങ്ങളുടെ നൂതനാശയങ്ങൾ കളക്ടറുമായി ചർച്ച ചെയ്തു.
തുടർന്ന് ഫാഷൻ ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിംഗ് വർക്ക് ഷോപ്പും കളക്ടർ സന്ദർശിച്ചു. 

 കെ.പി. ഷാഹിദ്, കെ.എൽ. ഷാരോൺ, ജോസഫ് ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സി ഇ ഒ ലഫ്റ്റനന്റ് കമാൻഡർ ഇ.വി. സജിത് കുമാർ, കൺട്രോളർ ജസ്റ്റിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

date