Skip to main content

കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാകും

 

കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾ മാർച്ച് 31ന് മുൻപ് പൂർത്തിയാക്കും. നിലവിൽ നവീകരണ പദ്ധതിയുടെ 75% പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഇതുവരെ 33 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള തുക വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 

ഒന്നരക്കോടിയോളം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിക്കുന്ന പുതിയ ഓഫീസ് കെട്ടിടം വയോജന, ഭിന്നശേഷി സൗഹൃദമായിരിക്കും. സ്ത്രീകൾക്ക് പ്രത്യേകമായി വിശ്രമമുറിയും ഫീഡിങ് റൂമും സജ്ജീകരിക്കുന്നുണ്ട്. പഞ്ചായത്ത് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആശാവർക്കർമാർക്കും കുടുംബശ്രീ പ്രവർത്തകർക്കും വിശ്രമകേന്ദ്രം ഒരുക്കുന്നുണ്ട്. 

ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളോടെ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിൽ ടെലിവിഷൻ സ്ഥാപിക്കും. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് കെട്ടിടത്തിന് ചുറ്റുമതിൽ, പ്രവേശനകവാടം എന്നിവ നിർമിക്കാനും ഗാന്ധി പ്രതിമ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കൃഷി ഓഫീസ് മാറ്റി സ്ഥാപിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് മുട്ടത്തിൽ പറഞ്ഞു.

date