Skip to main content

മഹാരാജാസ് കോളജിലെ പുതിയ വനിത ഹോസ്റ്റല്‍ മന്ദിരം വെള്ളിയാഴ്ച്ച മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും

കെമിസ്ട്രി സെമിനാര്‍ ഹാള്‍ മേയര്‍ ഉദ്ഘാടനം ചെയ്യും

എറണാകുളം മഹാരാജാസ് കോളജിലെ പുതിയ വനിത ഹോസ്റ്റല്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു നിര്‍വഹിക്കും. പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 8.8 കോടി രൂപ ചെലവഴിച്ച് മൂന്നു നിലകളിലായി 46 മുറികള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഹോസ്റ്റലാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിനോട് ചേര്‍ന്നാണ് പുതിയ ഹോസ്റ്റല്‍. കെമിസ്ട്രി സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 15 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കോളജ് ഓഡിറ്റോറിയം നിര്‍മാണം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നവീകരണം എന്നിവ പൂര്‍ത്തിയായി വരുന്നു. 

വെള്ളിയാഴ്ച്ച(ജൂലൈ 21) രാവിലെ 10 ന് ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. കെമിസ്ട്രി സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ്, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സുധീര്‍, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഡോ.എന്‍.രമാകാന്തന്‍, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എസ്.ഷജിലബീവി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ബിന്ദു ശര്‍മ്മിള, പി.ടി.എ വൈസ് പ്രസിഡന്റ് സിബി ബാബു, സെക്രട്ടറി ഡോ.എം.എസ് മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രിയ-നവോത്ഥാന ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന കലാലയമാണ് എറണാകുളം മഹാരാജാസ്. കേരളത്തിന്റെ വിദ്യാഭ്യാസചരിത്രത്തെ മാറ്റിയെഴുതിയ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ കൊച്ചി രാജ്യത്തിന്റെ ഹൃദയഭാഗത്ത് 1845ല്‍ എലിമെന്ററി ഇംഗ്ലീഷ് ് സ്‌കൂള്‍ ആയി ആരംഭിക്കുകയും 1875ല്‍ മദ്രാസ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സെക്കന്റ് ഗ്രേഡ്  കോളേജായി ഉയര്‍ത്തപ്പെടുകയും ചെയ്ത കലാലയമാണ് മഹാരാജാസ്. 1925ല്‍ വിവിധ വിഷയങ്ങളില്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചു. ആരംഭകാലം മുതല്‍തന്നെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രമുഖ സ്ഥാപനമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടു. ആദ്യകാല പ്രിന്‍സിപ്പല്‍മാര്‍ ബ്രിട്ടീഷുകാര്‍ ആയിരുന്നു. സമസ്തരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അനേകം പേര്‍ ഇവിടെനിന്നും പഠിച്ചിറങ്ങി. അക്കാദമികരംഗത്തെ പ്രവര്‍ത്തനങ്ങളാല്‍  കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെതന്നെ മികവുറ്റ കലാലയങ്ങളുടെ കൂട്ടത്തിലെത്താനും മഹാരാജാസിനു സാധിച്ചു. 2025ല്‍ ഒന്നര നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന മഹാരാജാസ് എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ നിലവില്‍  46-ാം സ്ഥാനത്താണ്. നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മഹാരാജാസ് സര്‍ക്കാര്‍ മേഖലയിലെ ഏക ഓട്ടോണമസ് കോളേജാണ്. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും.

date