Skip to main content
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു  എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകരുമായി സംവദിയ്ക്കുന്നു.

മഹാരാജാസിനെ അപകീര്‍ത്തിപ്പെടുത്താന്‍ അക്കാദമിക് സമൂഹം അനുവദിക്കരുത്: മന്ത്രി ആര്‍.ബിന്ദു

മഹാരാജാസ് കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അക്കാദമിക് സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍.ബിന്ദു പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും മഹത്തായ പാരമ്പര്യമുള്ള കോളജാണ് മഹാരാജാസ്. ഈ കലാലയത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നത് പ്രതിരോധിക്കാന്‍ ഇവിടത്തെ അധ്യാപകര്‍ക്ക് കഴിയണം. കോളജ് ഇതുവരെ ആര്‍ജ്ജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കുവാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് അനുവദിച്ചുകൂടാ. അക്കാദമിക് സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 

മഹാരാജാസിന്റെ ഗതകാല ചരിത്രം നിലനിലര്‍ത്തി മുന്നോട്ടു പോകണം. അതിന് അധ്യാപകര്‍ക്കും പ്രധാന പങ്കുണ്ട്.  എല്ലാ രംഗത്തും ഏറ്റവും മികച്ച പ്രതിഭകളെ സംഭാവന ചെയ്ത കോളജാണ് മഹാരാജാസ്. പ്രഗത്ഭരായ അധ്യാപകരെ സമൂഹത്തിനു നല്‍കിയ കലാലയമാണ് ഇത്. പല കോളജുകള്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത പല ഗുണങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെടാന്‍ കഴിയുന്ന കലാലയമാണിത്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. പുതിയ കാലത്തിന് അനുസരിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. മഹാരാജാസ് എന്ന് കേള്‍ക്കുമ്പോള്‍ ലീലാവതി ടീച്ചറെ പോലുള്ളവര്‍ക്കുണ്ടാകുന്ന ആവേശം നമ്മളിലും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തന്റെ പിതാവും ഈ കോളജിലാണ് പഠിച്ചത്. അവരൊക്കെ വളരെ ആവേശത്തോടെയാണ് മഹാരാജാസിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അത്തരമൊരു കോളജിനെക്കുറിച്ച് അപവാദങ്ങള്‍ പറയുമ്പോള്‍ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസ ഡയറക്ടര്‍ കെ.സുധീര്‍, മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ് ജോയ്, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഡോ.എന്‍.രമാകാന്തന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ബിന്ദു ശര്‍മ്മിള, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date