Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി തൈക്കാട്ടുശ്ശേരി ജനകീയാസൂത്രണ രജത ജൂബിലി സ്മാരകം

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനത്തിന് സജ്ജമായി. ഞായറാഴ്ച (ജൂലൈ 23) ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കെട്ടിട സമുച്ചയം നാടിന് സമര്‍പ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ അധ്യക്ഷനാകും. ദലീമ ജോജോ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 

സ്ഥലപരിമിതിയും അസൗകര്യവും മൂലം ബുദ്ധിമുട്ടിയിരുന്ന പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഗ്രാമപഞ്ചായത്തിന്റെ തനത് പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 80 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ നിര്‍മ്മിച്ച ഒന്നാം നിലയും തുടര്‍ന്ന് ഇപ്പോള്‍ പൂര്‍ത്തിയാക്കിയ രണ്ട് നിലകളും മുകള്‍ ഭാഗത്തെ റൂഫിംങ്ങും ഉള്‍പ്പെടെ 4200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. എല്‍.എസ്.ജി.ഡി, എന്‍.ആര്‍.ഇ.ജി, ഐ.സി.ഡി.എസ് വകുപ്പുകളുടെ ഓഫീസ്, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ക്കുള്ള മുറികളും ഐ.സി.ഡി.എസ് കൗണ്‍സിലിംഗ് റൂം, ലൈബ്രറി, ഹാള്‍, ഉദ്യോഗസ്ഥര്‍ക്കുള്ള ക്യാബിന്‍, ശുചിമുറികള്‍ തുടങ്ങിയവയുമാണ് ഈ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

ജനകീയാസൂത്രണ പ്രസ്ഥാനം കാല്‍ നൂറ്റാണ്ട് പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായി കെട്ടിട സമുച്ചയത്തിന് ജനകീയാസൂത്രണ രജതജൂബിലി സ്മാരകം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ചടങ്ങില്‍ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
(ചിത്രം)

date