Skip to main content

സി.ആര്‍.ഇസെഡ്: മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവൽകരിക്കാം

അപേക്ഷ ആഗസ്ത് 26 വരെ സ്വീകരിക്കും

തീരദേശ നിയന്ത്രണ മേഖലയില്‍ (സി.ആര്‍.ഇസെഡ്) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ (കെ.സി.ഇസഡ്.എം.എ) മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും  ക്രമവൽക്കരിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. രജിസ്റ്റേഡ് എൻജിനിയർമാർ / ബിൽഡിങ് സൂപ്പർവൈസർമാർ മുഖേന അതത് നഗരസഭ / പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2023 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.  നിര്‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തായായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവൽക്കരണ അപേക്ഷകൾ  പരിഗണിക്കുന്നത്. ലംഘനങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും ക്രമവൽക്കരണം അനുവദിക്കുക. മുന്‍കൂര്‍ അനുമിതിയില്ലാതെ നിര്‍മിക്കുകയും 2022 ജൂണ്‍ 29 നുള്ളില്‍ ക്ലിയറന്‍സിനായി അപേക്ഷിക്കുകയും ചെയ്തവര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം വിവിധ ജില്ലകളിലായി നടത്തിയ തീരദേശ പരിപാലന അതോറിറ്റി പബ്ലിക് ഹിയറിങുകളില്‍ ഈ വിഷയം  ജനപ്രതിനിധികൾ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.സി.ഇസഡ്.എം.എയുടെ പുതിയ ഉത്തരവ്.
കെ.സി.ഇസഡ്.എം.എയുടെ കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ തല കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ പരിഗണിച്ച് സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി അയക്കുക. കെ.സി.ഇസഡ്.എം.എയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കും.
കടലിനോടും പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി ആർ ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു. ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വൈകുന്നത് മൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. ഈ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ അറുതിയാവുന്നത്. ആഗസ്ത് 27, 28, 29, 30, 31 തീയതികൾ പൊതു അവധിയായതിനാല്‍ ആഗസ്റ്റ് 26 നകം തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കണണെന്ന് ജില്ലാ ടൗണ്‍ പ്ലാനര്‍ അറിയിച്ചു.

date