Skip to main content

ശുചീകരണ തൊഴിലാളികള്‍ക്ക് വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തി ശുചിത്വ മിഷന്‍ ബോധവല്‍ക്കരണ പരിപാടി

 

* ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കായി സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന സ്‌കീമുകളെ കുറിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. മഹത്തായ പ്രവര്‍ത്തി ചെയ്തുവരുന്നവരാണ് ശുചീകരണ തൊഴിലാളികള്‍. ശുചീകരണ തൊഴിലാളികള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ബോധവാന്മാരാക്കാന്‍ ക്ലാസിലൂടെ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സഫായി കര്‍മ്മചാരി ദേശീയ കമ്മീഷന്‍ അംഗം ഡോ.പി.പി വാവ ചടങ്ങില്‍ മുഖ്യാതിഥിയായി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ശുചീകരണ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനും സാമൂഹ്യ മാറ്റത്തിനുമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന സ്‌കീമുകളെ അദ്ദേഹം പരിചയപ്പെടുത്തി. വിവിധ മേഖലകളില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന അനുകൂല്യങ്ങളെ പരിചയപ്പെടുത്തി. ആരോഗ്യം, ശുചീകരണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഫായി കര്‍മ്മചാരി സംസ്ഥാന കോ ഓഡിനേറ്റര്‍ ഗോപി കൊച്ചുരാമന്‍, ആലുവ ഡി.വൈ.എസ്.പി പി എ. പ്രസാദ് , ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.കെ മനോജ്,  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍  കെ.സന്ധ്യ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ (ഇന്‍ ചാര്‍ജ് )എം.വി സ്മിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date