Skip to main content
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രയത്നത്തിന്റെ പേരാണ് വിദ്യാഭ്യാസമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ

മണ്ണും മനുഷ്യനെയും മനസ്സിനെയും തിരിച്ചറിയുന്ന നല്ലൊരു മനുഷ്യനാകണം എല്ലാവരും: അഡ്വ. കെ രാജൻ

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രയത്നത്തിന്റെ പേരാണ് വിദ്യാഭ്യാസമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. തൃശൂർ നിയോജകമണ്ഡലത്തിലെ 2022-23 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്ന, മണ്ണും മനുഷ്യനും ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനുള്ള ചവിട്ടുപടിയാണ് വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്മാർട്ട് ക്ലാസ്സ് റൂമുകളുടെ ഗുണഫലങ്ങൾ അനുഭവിച്ച് വളരുന്ന പൊതുവിദ്യാഭ്യാസ മേഖല സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവാർഡ് വിതരണം ചെയ്തു. ജനജീവിത ഗുണനിലവാര വർദ്ധനവിനും നാടിന്റെ സമ്പദ്ഘടനയുടെ വിപുലീകരണത്തിനും സഹായകമാകും വിധം നാളത്തെ വൈജ്ഞാനിക സമൂഹത്തെ നയിക്കാനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

തൃശൂർ നിയോജക മണ്ഡലത്തിലെ 2022-23 അധ്യയന വർഷത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 600ഓളം വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയം കരസ്ഥമാക്കിയ 24 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാണ് പി ബാലചന്ദ്രൻ എംഎൽഎ യുടെ നേതൃത്വത്തിൽ അവാർഡ് നൽകിയത്.

പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തി. കോർപ്പറേഷൻ മേയർ എം കെ വർഗീസ് വിശിഷ്ടാതിഥിയായി. കെ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം എൽ റോസി, അഡ്വ. കെ ബി സുമേഷ്, ഐസിഎൽ ഫിൻകോർപ് അസിസ്റ്റന്റ് ജനറൽ മാനേജർ ബി ജി ബാബു, കോർപ്പറേഷൻ കൗൺസിലർമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

date