Skip to main content

എസ് സി, എസ് ടി വിഭാഗത്തിലെ 24 പേർക്ക് തൊഴിൽ നിയമനം

എസ് സി, എസ് ടി വിഭാഗത്തിലെ 24 പേർക്ക് തൊഴിൽ നിയമനം ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി / പട്ടികവർഗ വകുപ്പും, എൻ ടി ടി എഫും സംയുക്തമായി നടത്തിയ ത്രൈമാസ സി എൻ സി ഓപ്പറേറ്റർ-വെർട്ടിക്കൽ മെഷീനിങ് സെന്റർ കോഴ്‌സ് പൂർത്തീകരിച്ച 24 വിദ്യാർത്ഥികൾക്കുള്ള തൊഴിൽ നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കൈമാറി. ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിദ്യാർഥികൾക്കാണ് തൊഴിൽ നിയമനം നൽകിയത്. 17 എസ് സി വിദ്യാർത്ഥികളും ഏഴ് എസ് ടി  വിദ്യാർത്ഥികളുമാണ് നിയമനം നേടിയവർ. ഇവർ ആഗസ്റ്റ് ഒന്നിന് മുൻപായി ജോയിൻ ചെയ്യണം.
40 കുട്ടികളായിരുന്നു കോഴ്‌സിനായി രജിസ്റ്റർ ചെയ്തത്. ഒരു കുട്ടിക്ക് 50500 (താമസവും ഭക്ഷണവും ഉൾപ്പെടെ) രൂപ വീതം ആകെ 20,20,800 ആണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിത്. ഇവരിൽ നിന്ന് 24 കുട്ടികളാണ് ഇപ്പോൾ കോഴ്‌സ് പൂർത്തിയാക്കി തൊഴിൽ നേടിയത്. ഇവർക്കായി 12 ലക്ഷം രൂപ വിനിയോഗിച്ചു.
ആർ ആർ എം ടെക്‌നോളജീസ് ചെന്നൈ, സച്ചിദാനന്ദ് സ്റ്റെൻസിൽസ് പ്രെവറ്റ് ലിമിറ്റഡ് ചെന്നൈ, ബാഗ്ലൂർ എൽ ജി ബി കോയമ്പത്തൂർ സാന്റ് ഫിറ്റ്‌സ് ഫൗണ്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് കോയമ്പത്തൂർ എന്നീ കമ്പനികളിലാണ് നിയമനം ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള, സെക്രട്ടറി എ വി അബ്ദുൾ ലത്തീഫ്, എൻ ടി ടി എഫ് ജനറൽ മാനേജർ ആർ അയ്യപ്പൻ, ഡെപ്യുട്ടി മാനേജർ എ രൺധീർ എന്നിവർ പങ്കെടുത്തു.

date