Skip to main content

ഉദ്ഘാടനം ജൂലൈ 31ന് ഏഴോം ഗ്രാമപഞ്ചായത്തിൽ ഒരുക്കുന്നത് 12 സി സി ടി വി കൾ

 റോഡരികിലും കാട്ടുപൊന്തകളിലും മാലിന്യം വലിച്ചെറിഞ്ഞു രക്ഷപ്പെടുന്നവർക്ക് ഇനി രക്ഷയില്ല. ഏഴോം ഗ്രാമപഞ്ചായത്തിന്റെ 'സ്മാർട്ട് ഐ'യിൽ കുടുങ്ങിയാൽ 2500 രൂപ പിഴ നൽകേണ്ടി വരും. പുഴയോരത്തെ കണ്ടൽച്ചെടികൾക്കിടയിലും റോഡരികിലും മാലിന്യം തള്ളുന്നവരെ കൈയോടെ പൊക്കാനാണ് ഏഴോം പഞ്ചായത്ത് സ്മാർട്ട് ഐ പദ്ധതി ഒരുക്കുന്നത്. 'അഴകേറും ഏഴോം' ശുചിത്വ കർമപദ്ധതിയുടെ ഭാഗമായി 'സ്മാർട്ട് ഐ' ജൂലൈ 31 ന് വൈകിട്ട് ആറ് മണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്  ഉദ്ഘാടനം ചെയ്യും.

ശുചിത്വമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള നഗരസഞ്ചയ ഫണ്ടിൽ ലഭിച്ച 25 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് ഐ പദ്ധതി നടപ്പാക്കുന്നത്. ആളുകൾ വ്യാപമായി മാലിന്യം തള്ളുന്ന 12 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ സിസിടിവി സ്ഥാപിച്ചത്. എട്ട് ഇടങ്ങളിൽക്കൂടി ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഏഴോം പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ പറഞ്ഞു. 2024 ഒക്ടോബർ രണ്ടിന് സമ്പൂർണ ശുചിത്വ പഞ്ചായത്തായി ഏഴോം മാറുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറകളുടെ മോണിറ്ററിംഗ് സംവിധാനം പഞ്ചായത്ത് ഓഫിസിലാണ് പ്രവർത്തിക്കുന്നത്. പഴയങ്ങാടി ബസ് സ്റ്റാന്റ്, എരിപുരം അങ്കണവാടി, അടുത്തില പാടശേഖരം, നരിക്കോട് അരയോളം, പുല്ലാഞ്ഞിട, ചെങ്ങൽത്തടം റോഡ്, കണ്ണോം ഗാന്ധി റോഡ്, കോട്ടക്കീൽ പാലത്തിനു സമീപം, പഞ്ചായത്ത് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലും തീരദേശ റോഡിൽ മൂന്ന് ക്യാമറകളും സ്ഥാപിച്ചു. നമ്പർ പ്ലേറ്റ് അടക്കം വ്യക്തമാകുന്ന ക്യാമറകളും ഇതോടൊപ്പമുണ്ട്.

date