Skip to main content

ജീവിതം ഭാഗ്യം, വിധി എന്നിവയ്ക്ക് വിട്ടുകൊടുക്കാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണം-ടി.വി.സുഭാഷ് 

ആലപ്പുഴ: വിജയത്തിൽ എത്തുന്നതിന് ലക്ഷ്യബോധത്തോടെയുള്ള പ്രയത്‌നമാണ് ആവശ്യമെന്നും ഭാഗ്യം, വിധി എന്നിവയ്ക്ക് വിട്ടുകൊടുക്കാൻ ഉള്ളതല്ല ജീവിതമെന്നും പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ചേർത്തല മണ്ഡലത്തിലെ 
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പൊൻകതിർ 2023 മൂന്നാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഞ്ഞിക്കുഴി പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള  78 വിദ്യാർഥികൾക്ക് കഞ്ഞിക്കുഴി പി പി സ്വാതന്ത്ര്യം സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് പുരസ്‌കാരങ്ങൾ നൽകി. 

പ്രയത്‌നം, മനസ്സിന്റെ  നിയന്ത്രണം, ശരീര സംരക്ഷണം, സാമ്പത്തിക വിഷയത്തിൽ മൂല്യങ്ങൾ ഉയർത്തി പിടിക്കൽ,  സമയത്തിന്റെ ശരിയായ വിനിയോഗം  എന്നിവ വിജയത്തിന് അടിസ്ഥാനമാക്കണമെന്ന് ഉദ്ഘാടനത്തിന് ശേഷം കുട്ടികളുമായുള്ള സംവാദത്തിൽ ടി.വി.സുഭാഷ് ചൂണ്ടിക്കാട്ടി. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ മുഖ്യാതിഥിയായി യോഗത്തിൽ പങ്കെടുത്തു.  നന്മയും മനുഷ്യത്വവും സമൂഹത്തിൻറെ മുന്നോട്ടുള്ള പോക്ക്  സുഗമമാക്കുമെന്നും മാനവശേഷി വികസനത്തിന് ഏറെ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.  കഞ്ഞിക്കുഴി പഞ്ചായത്ത്  പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ, വിവിധ വാർഡുകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
ഉച്ചയ്ക്ക് ചേർത്തല തെക്ക് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ  ചേർത്തല തെക്ക്പഞ്ചായത്ത് പ്രസിഡന്റ് സിനി മോൾ സാംസൺ  അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജ , കമാണ്ടന്റ് &  ഡിസിപി ജി.ജയദേവ് , ഇസാഫ് ബാങ്ക് മനേജിങ് ഡയറക്ടർ പോൾ തോമസ്, യുവ സംരംഭകൻ അലോക് പോൾ എന്നിവർ വിദ്യാർത്ഥികളുമായി സംസാരിച്ചു.

date