Skip to main content
മാലിന്യ സംസ്കരണത്തിന് സമഗ്ര രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭയിൽ ചേർന്ന ആലോചനയോഗം നഗരസഭ ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം ചെയ്യുന്നു

ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ; ഏലൂർ നഗരസഭയിൽ യോഗം ചേർന്നു

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് എലൂർ നഗരസഭാതല കൂടിയാലോചനാ യോഗം ചേർന്നു. ഏലൂർ നഗരസഭ പാതാളം ടൗൺ ഹാളിൽ ചേർന്ന നഗര സഭ ചെയർമാൻ എ ഡി സുജിൽ ഉദ്ഘാടനം നിർവഹിച്ചു. 

നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘ കാല സമഗ്ര ഖര മാലിന്യ രൂപ രേഖ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. സർക്കാർ നിർദേശപ്രകാരം കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിക്കുന്ന വിദഗ്ധർ ആയിരിക്കും രൂപരേഖ തയ്യാറാക്കുക. നഗരസഭക്കു അടുത്ത 25 വർഷത്തേക്കുള്ള മാലിന്യ പരിപാല രൂപരേഖ തയ്യാറാക്കുക എന്നതാണ് ഉദ്ദേശം.
യോഗത്തിൽ പങ്കെടുത്തവർ നാല് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചക്ക് ശേഷം നിർദേശങ്ങൾ നൽകി. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ധർ ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ പ്ലാൻ തയ്യാറാക്കും. വിവിധ സർക്കാർ പദ്ധതികളിലെ ഫണ്ടുകൾ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവർത്തികമാക്കുന്നത്.

വൈസ് ചെയർമാൻ ലീല ബാബു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ ഷെരീഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക ചന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ നോബി, സെക്രട്ടറി പി ബി കൃഷ്ണകുമാരി, നഗരസഭ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ പി എസ് മുഹമ്മദ്‌ ഉവൈസ്, കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ല ഉദ്യോഗസ്ഥരായുള്ള എസ് വിനു, പി വി അനൂപ്, ധന്യ പ്രഭാകർ, ദീപ്തി, വിബിത എന്നിവർ നേതൃത്വം നൽകി.

 കൗൺസിലർമാർ, ആശ വർക്കർമാർ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, സ്കൂളുകൾ,  റെസിഡൻസ് അസോസിയേഷനുകൾ,  കുടുംബശ്രീ, ഹരിതകർമസേന, കില, നഗരസഭ ആരോഗ്യ വിഭാഗം, പൊലുഷൻ കൺട്രോൾ ബോർഡ്‌ ഉദ്യോഗസ്ഥർ,ടെക്നിക്കൽ കൺസൾറ്റന്റ്സ് എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.

date