Skip to main content

അഴീക്കൽ മത്സ്യബന്ധന തുറമുഖം: ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം ആറിന്

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം ആഗസ്റ്റ് ആറ് ഞായറാഴ്ച വൈകീട്ട് 3.30ന് മത്സ്യബന്ധന, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് കെ വി സുമേഷ് എം എൽ എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിലെ പരിമിതികൾ പരിഹരിച്ച് തുറമുഖം ആധുനികവത്ക്കരിക്കാൻ 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 186 മീറ്റർ വാർഫ്, ലേലപ്പുര, സാഫ് പ്രോസസിംഗ് യൂണിറ്റ്, ലോക്കർ മുറികൾ, ചുറ്റുമതിൽ, ഇന്റേണൽ റോഡുകൾ, കാന്റീൻ കെട്ടിടം, പാർക്കിംഗ് ഏരിയ, ശുചിമുറി ബ്ലോക്ക്, ഫിഷറീസ് ഓഫീസ്, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയാണ് ഒരുക്കുക. 2025ഓടെ പ്രവൃത്തി പൂർത്തിയാക്കും.
വളപട്ടണം-മാട്ടൂൽ പുഴകളുടെ അഴിമുഖത്തിൽ നിന്നും 1.75 കിലോമീറ്റർ മാറിയാണ് അഴീക്കൽ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള പ്രവേശനം സുഗമമാക്കാനും അഴിമുഖത്തിന്റെ സംരക്ഷണത്തിനുമായി പുഴയുടെ ഇരുകരകളിലായി നിലവിൽ പുലിമുട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹാർബറിന്റെ നിർമ്മാണ സമയത്ത് ഹാർബർ ബേസിൻ, ബെർത്തിങ് ജെട്ടി, ഗിയർ ഷെഡ്, പീലിംഗ് ഷെഡ്, ബോട്ട് ബിൽഡിംഗ് യാർഡ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലേല ഹാൾ, ടോയ്ലറ്റ് ബ്ലോക്ക്, വാട്ടർ ടാങ്ക്, ഐസ് പ്ലാന്റ് കെട്ടിടം എന്നിവ നിർമ്മിച്ചു. നിലവിലെ മത്സ്യയാനങ്ങളുടെ ബാഹുല്യം, ബെർത്തിങ് സൗകര്യത്തിന്റെ അപര്യാപ്തത, മറ്റ് സൗകര്യ കുറവ് എന്നിവ കാരണമാണ് ആധുനികവത്കരണത്തിനുള്ള പദ്ധതി സർക്കാറിലേക്ക് സമർപ്പിച്ചത്.
ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. എം പിമാരായ  കെ സുധാകരൻ, വി ശിവദാസൻ, പി സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളാകും.  
പി ആർ ഡി ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അനീഷ്, വാർഡ് അംഗം ഇ ശിവദാസൻ, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ എ മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി സുനിൽകുമാർ എന്നിവരും പങ്കെടുത്തു.

date