Skip to main content

ആനാട് ഗവണ്മെന്റ് എൽ.പി.എസ്സിന് പുതിയ ഇരുനില മന്ദിരം

പനവൂർ പഞ്ചായത്തിന്റെ 'കണിക്കൊന്ന' പദ്ധതിക്കും തുടക്കമായി

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമിച്ച ആനാട് ഗവൺമെന്റ് എൽ.പി.എസ്സിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. നഗര-ഗ്രാമ വിദ്യാഭ്യാസ അന്തരം നികത്താൻ അവരുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച പിന്തുണയാണ് സർക്കാരിന് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി.എ.സി ലളിത നാടക പ്രതിഭാ പുരസ്‌കാരം നേടിയ വട്ടപ്പറമ്പിൽ പീതാംബരനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

പനവൂർ ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'കണിക്കൊന്ന 2023' ഉം മന്ത്രി ഉദ്ഘാടനം ചെയ്തു. പേരയം ഗവൺമെന്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ പ്രദർശനം മന്ത്രി നിർവഹിച്ചു. വിദ്യാലയത്തിനായി ഒരു കോടി രൂപ ചെവഴിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. കലാ- കായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ഇരുനില മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ് മുറികളും ടോയ്‌ലറ്റും ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ഡി.കെ മുരളി എം.എൽ.എ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ, പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, അധ്യാപകർ വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

date