Skip to main content

മാലിന്യ സംസ്‌കരണം: സർക്കാർ വകുപ്പുകൾ ഉത്തരവാദിത്തം നിറവേറ്റണം: കലക്ടർ

 ശുചിത്വവും ഖരമാലിന്യ സംസ്‌കരണവും കൂടുതൽ ഫലപ്രദമായി ജില്ലയിൽ നടപ്പിലാക്കാൻ എല്ലാ സർക്കാർ വകുപ്പുകളും സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ല. ഖരമാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിനായി ഡിപിസി ഹാളിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
ജില്ലയെ മാലിന്യമുക്തമാക്കാൻ സർക്കാർ നിയോഗിച്ച എൻഫോഴ്‌സ്‌മെൻറ് ടീമിനൊപ്പം നിർബന്ധമായും പോലീസ് ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കലക്ടർ നിർദേശിച്ചു. പൊതുനിരത്തിലേയ്ക്ക് മാലിന്യം വലിച്ചെറിയുക, ജലാശയങ്ങളിൽ മാലിന്യം തള്ളുക, നിയമാനുസൃതം മാലിന്യം കടത്താൻ അംഗീകാരമില്ലാത്ത വാഹനങ്ങളിൽ മാലിന്യം കടത്തുക, സ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ചുറ്റും മാലിന്യം, പാഴ്വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്നവർക്ക് എതിരെ ഐ.പി.സി, കേരളാ പോലീസ് ആക്ട്, പരിസ്ഥിതി നിയമം തുടങ്ങിയ നിയമങ്ങൾ പ്രകാരം പോലീസ് കേസെടുക്കണമെന്ന് കലക്ടർ പറഞ്ഞു.
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഹരിത ഓഫീസ് ആയി മാറിയത് നിരീക്ഷിക്കാൻ സെപ്റ്റംബർ 10നകം സ്‌ക്വാഡുകൾ സന്ദർശിക്കും. മികച്ചത്, ശരാശരി, മോശം എന്നിങ്ങനെ തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകും. ഓഫീസുകളിലെ ഓണാഘോഷം മാലിന്യം ഇല്ലാതെ നടത്തണം. ഓഫീസുകളിൽ പേപ്പർ ഗ്ലാസുകൾ, പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. പുനരുപയോഗിക്കാവുന്നവ മാത്രം ഉപയോഗിക്കുക. ഓഫീസുകൾ ഹരിത കർമ്മസേനയ്ക്ക് പ്രതിവർഷ യൂസർഫീ നൽകണം. 1200 രൂപയാണ് ഒരു ഓഫീസ് നൽകേണ്ടത്.
കാലാവധി കഴിഞ്ഞ ജനറിക് മരുന്നുകൾ നശിപ്പിക്കാനാവാതെ മെഡിക്കൽ ഷോപ്പുകളിൽ കെട്ടിക്കിടക്കുന്നതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശം നിലവിലില്ല. ഇവയുടെ വിശദമായ കണക്കെടുപ്പ് നടത്തി അറിയിക്കാൻ കലക്ടർ നിർദേശിച്ചു.    
യോഗത്തിൽ ഹരിതകേരളം ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു

date