Skip to main content

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിഭവനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലുമുള്ള നാളികേര കര്‍ഷകര്‍ക്ക് വകുപ്പിന്റെ  വിവിധ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് കേരഗ്രാമം പദ്ധതിയിലൂടെ.  പഞ്ചായത്ത് പരിധിയിലെ 149 ഹെക്ടര്‍ ഭൂമിയിലായി 26075 തെങ്ങുകളെ സംരക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കി. ഈ വര്‍ഷം സുസ്ഥിരമായ വിളപരിപാലനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റ ഭാഗമായി കര്‍ഷകര്‍ക്ക് തെങ്ങിന് അനുയോജ്യമായ കോക്കനട്ട് മിക്‌സ്ചറും മഗ്‌നീഷ്യം സള്‍ഫേറ്റും വാങ്ങുന്നതിനുള്ള ധനസഹായമാണ് നല്‍കുന്നത്. വളം വാങ്ങുന്നതിന് ഒരു തെങ്ങിന്  13.70 രൂപ വീതം നല്‍കുന്നു. 2021 നവംബറിലാണ് കുറുമാത്തൂരില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 36 തെങ്ങുകയറ്റ യന്ത്രവും 48 ജലസേചന പമ്പ് സെറ്റും 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. തെങ്ങ് കയറ്റ പരിശീലനവും പദ്ധതിയുടെ ഭാഗമായി നടത്തി. പദ്ധതിയുടെ ആരംഭഘട്ടത്തില്‍ തടംതീര്‍ക്കല്‍, ജൈവവളം തുടങ്ങിയവക്കായി ഒരു തെങ്ങിന് 69.75 രൂപ വീതമാണ് നല്‍കിയത്. ഇതിന്റെ ഫലമായി തെങ്ങുകളുടെ ഉല്പാദനക്ഷമത വര്‍ധിച്ചിട്ടുണ്ട്. ഒരു തെങ്ങില്‍ നിന്നും ഒരു വര്‍ഷം ശരാശരി 80-90 വരെ തേങ്ങ ലഭിക്കുന്നു. രോഗം വന്നതും ഉത്പാദനക്ഷമത ഇല്ലാത്തതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് 1000 രൂപയും പുതിയത് നടുന്നതിന് 60 രൂപയും നല്‍കി.

ശാസ്ത്രീയ വിളപരിപാലനത്തിലൂടെ  നാളികേര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. തെങ്ങുകളുടെ സമഗ്രപരിചരണത്തിനായി രോഗം വന്നതും ഉത്പാദനക്ഷമത ഇല്ലാത്തതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റുക, സംയോജിക സസ്യ പോഷണത്തിലൂടെ തെങ്ങിന് ആവശ്യമായ രാസ - ജൈവ വളങ്ങളും കുമ്മായവും വിതരണം ചെയ്യുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, കൃഷിക്കായി ജലസേചന പമ്പ് സെറ്റ് വിതരണം, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പോസ്റ്റ് വള നിര്‍മ്മാണം എന്നീ  സേവനങ്ങളാണ് പദ്ധതിയിലൂടെ നല്‍കിയത്.

date