Skip to main content

ആവേശം അലതല്ലി: നഗരത്തെ ഉണർത്തി വഞ്ചിപ്പാട്ട് മത്സരം 

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയുടെ ആവേശം തെല്ലും ചോരാതെ ആലപ്പുഴ നഗരത്തെയാകെ ആവേശത്തിലാക്കി വഞ്ചിപ്പാട്ട് മത്സരം. നെഹ്റു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായാണ് ആലപ്പുഴ നഗര ചത്വരത്തിൽ (ബീയാർ പ്രസാദ് നഗർ) വഞ്ചിപ്പാട്ട് മത്സരം നടത്തിയത്. 

തോർത്ത് മുണ്ട് കറക്കി കുട്ടനാടൻ ശൈലിയിൽ ഇടിച്ച് കുത്തി പെയ്തിറങ്ങിയ വഞ്ചിപ്പാട്ട് അക്ഷരാർത്ഥത്തിൽ വള്ളംകളിയ്ക്ക് കാഹളം മുഴക്കുകയായിരുന്നു. മത്സരാർത്ഥികൾക്കൊപ്പം കാണികളും അവേശത്തിലായി. ഓരോ പാട്ടിനൊപ്പവും കൈത്താളം കൊടുത്തും ആർപ്പോ വിളിച്ചുമാണ് കാണികൾ ഒപ്പം ചേർന്നത്. വെച്ച് പാട്ട്, കുട്ടനാട്, ആറന്മുള എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ഒൻപത് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 50 ടീമുകൾ പങ്കെടുത്തു.

രാമായണവും മഹാഭാരതവും വടക്കൻ പാട്ടുകളുമൊക്കെയാണ് പ്രധാനമായും പാട്ടിലൂടെ അവതരിപ്പിച്ചത്. ജൂനിയർ വിഭഗം പെൺകുട്ടികളുടെ മത്സരത്തിനിടയ്ക്ക് കുട്ടികൾ പാട്ട് മറന്നപ്പോൾ കാണികൾ ഒരുമിച്ച് ആർപ്പോ വിളിച്ച് മുറിഞ്ഞു പോയ പാട്ടിന്റെ മറുപാതി കൂട്ടി ചേർത്തത് കൗതുകമുണർത്തി. മുൻമന്ത്രി ജി. സുധാകരനാണ് വഞ്ചിപ്പാട്ട് മത്സരം രാവിലെ ഉദ്ഘാടനം ചെയ്തത്. മുൻ എം.എൽ.എ. സി.കെ. സദാശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

date