Skip to main content

വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടല്‍: പ്രശ്നങ്ങളുള്ള ഭാഗം കണ്ടെത്തി പട്ടികയാക്കണം പാലക്കാട് താലൂക്ക് തല വികസന സമിതി യോഗം ചേര്‍ന്നു

എലപ്പുള്ളിയില്‍ വാട്ടര്‍ അതോറിറ്റി ജലം പൈപ്പുകള്‍ പൊട്ടിയ സാഹചര്യത്തില്‍ 40 ശതമാനമേ ഉപയോഗിക്കാന്‍ സാധിക്കുന്നുള്ളൂവെന്നതിനാല്‍ പ്രശ്‌നങ്ങളുള്ള ഭാഗം കണ്ടെത്തി പട്ടികയാക്കി ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കത്ത് നല്‍കണമെന്ന് ആര്‍.ഡി.ഒ പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കോഴി മാലിന്യം വീട്ടില്‍ തന്നെ സംസ്‌കരിച്ച് പാചകവാതകമായി ഉപയോഗിക്കുന്ന സംവിധാനത്തിന് ആരോഗ്യവകുപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ എം.എല്‍.എ അറിയിച്ചു.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിലുള്ള ശ്മശാനത്തിന്റെ ചുറ്റുമതിലിന് 33.5 ലക്ഷവും മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് 27 ലക്ഷം രൂപയും അനുവദിച്ചതിന്റെ ഭാഗമായി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കെച്ച് അനുവദിച്ച് അതിര്‍ത്തി കാണിച്ചുതരുമെന്ന് ആര്‍.ഡി.ഒ അറിയിച്ചു. വെണ്ണക്കര 35-ാം വാര്‍ഡില്‍ കനാലിനടുത്ത് സ്വകാര്യ വ്യക്തികളുടെ വീടിനു സമീപം 33 കെ.വി വൈദ്യുത ലൈനിന്റെ അടുത്തായി നില്‍ക്കുന്ന വാകമരം കമ്മിറ്റി ചേര്‍ന്ന് അടിയന്തിരമായി മുറിച്ചുമാറ്റുന്നതിന് നഗരസഭക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.
എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പില്‍, ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതിനിധി വി. സുജിത് കുമാര്‍, കൊടുമ്പ്, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധനരാജ്, കെ. രേണുകാ ദേവി, പറളി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഇ.എ. ബിന്ദു, ഉണ്ണികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം. കബീര്‍, ശിവരാജേഷ്, ജയന്‍ മമ്പറം, ശിവപ്രകാശ്, ടി.കെ, ബഷീര്‍, ഉബൈദുള്ള, പാലക്കാട് ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ഭൂരേഖാ തഹസില്‍ദാര്‍ വി. സുധാകരന്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

date