Skip to main content

ജീവിതത്തിൽ റീടേക്കുകളില്ലെന്ന് ഓർമ്മപ്പെടുത്തി കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെ ബോധവത്കരണ ചിത്രം

 

ഡ്രൈവിംഗിനിടെ ഒറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ട് ജീവിതം മാറി മറിയും. ട്രാഫിക് നിയമങ്ങൾ പാലിച്ചുള്ള ഡ്രൈവിംഗ് നമുക്കും ചുറ്റുമുള്ളവർക്കും സന്തോഷവും സമാധാനവുമാണ് നൽകുക. ജീവിതത്തിൽ സിനിമയിലേപ്പോലെ റീടേക്കുകളില്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് കൊച്ചി സിറ്റി ട്രാഫിക് പോലീസ് പുറത്തിറക്കിയ ശുഭയാത്ര - ട്രാഫിക് ബോധവത്കരണ ചിത്രം. 

കൊച്ചി സിറ്റി ട്രാഫിക് പോലീസിന്റെ ട്രാഫിക് ബോധവൽക്കരണ പരിപാടി ശുഭയാത്രയുടെ ഭാഗമായി തയാറാക്കിയ ഹ്രസ്വ ചിത്രത്തിന്റെ ആദ്യപ്രദർശനം  ഷേണായിസ് തീയറ്ററിൽ നടന്നു.
കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ, ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷാജു.കെ.വർഗീസ്,  ഡെപ്യൂട്ടി കളക്ടർ നിഷാന്ത് സിഹാര എന്നിവർ ചേർന്ന് ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്തു

ചിത്രം മനസിൽ വലിയ സ്വാധീനമുണ്ടാക്കിയെന്നും ലക്ഷ്യസ്ഥാനത്തെത്താൻ വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കു ന്നതിനേക്കാൾ കുറച്ചു വൈകിയാലും കുഴപ്പമില്ല  എന്ന ബോധം മനസിലുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചു വെന്നും കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ പറഞ്ഞു.  

മികച്ച സന്ദേശമാണ് സാങ്കേതിക മികവോടെ തയാറാക്കിയ ചിത്രം നൽകുന്നതെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് പറഞ്ഞു. വാഹനമോടിക്കുമ്പോഴും റോഡിൽ സഞ്ചരിക്കുമ്പോഴും ഏറെ ശ്രദ്ധ പുലർത്തണം. അത്രയധികം ശ്രദ്ധിച്ചാലേ നമ്മുടെ ജീവിതവും നല്ല രീതിയിൽ ആകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനു വേണ്ടി പ്രവർത്തിച്ച പോലീസ് സേനക്കും  ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അദ്ദേഹം
അഭിനന്ദനങ്ങൾ  അറിയിച്ചു.

നിത്യജീവിതത്തിൽ ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങളെ പ്രമേയമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.എം. ലറീഷ് ആണ്. നടൻ മോഹൻലാലും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ചവറ ഫിലിം സ്കൂളിന്റെ സഹായത്തോടെയാണ് നിർമ്മാണം.

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എൻഫോഴ്സ്മെന്റ് എസ്. പി. സ്വപ്ന, സംവിധായകൻ മേജർ രവി, പോലീസ് ഉദ്യോഗസ്ഥർ, എസ്. ആർ. വി, സെന്റ് ആൽബർട്ട് എന്നി സ്കൂളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date