Skip to main content

മാലിന്യമുക്തം നവകേരളം ഖര മാലിന്യ സംസ്‌കരണ ബോധവത്ക്കരണ ക്യാമ്പയിന്‍: രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച കരുതാം മാലിന്യം കരുതലോടെ-ഖര മാലിന്യ സംസ്‌കരണ ബോധവത്ക്കരണ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വ വിദ്യാഭ്യാസത്തിലൂടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത്. ജില്ലയിലെ 30-ഓളം സ്‌കൂളുകളില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനം, '#Beat Plastic Pollution' എന്ന ലോക പരിസ്ഥിതി ദിന സന്ദേശം സംബന്ധിച്ച ചര്‍ച്ച, പുനരുപയോഗം (റീയൂസ്), ഉപയോഗം കുറയ്ക്കുക (റെഡ്യൂസ്), പുന:ചംക്രമണം (റീസൈക്കിള്‍) എന്നിവയെഴുതിയ ക്യാന്‍വാസ് ബോര്‍ഡില്‍ വിദ്യാര്‍ത്ഥികളുടെ വിരലടയാളം ശേഖരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടന്നു.
ഹരിതകര്‍മ്മ സേനയെ കുറിച്ചുള്ള മിഥ്യാധാരണകള്‍ മാറ്റിയെടുക്കുന്നത് ലക്ഷ്യമിട്ട് സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഡോക്യുമെന്ററി സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം വാട്സ് ആപ്പ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുക്കുകയും അത് അവരവരുടെ വീടുകളില്‍ കാണിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിവിധ സ്‌കൂളുകളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ  മിഷന്‍ ആര്‍.പിമാര്‍, കിലയുടെ തീമാറ്റിക് എക്സ്പെര്‍ട്ടുമാര്‍, നവകേരളം ആര്‍.പിമാര്‍ എന്നിവര്‍ പങ്കെടുത്തു.

date