Skip to main content

ഇന്‍ഡ് എക്‌സ്‌പോ 2023 മേള 21 മുതല്‍

ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടും പരമ്പരാഗത കൈത്തറി വസ്ത്രങ്ങളെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രചാരണത്തിനുമായി ആഗസ്റ്റ് 21 മുതല്‍ 27 വരെ ഇന്‍ഡ് എക്‌സ്‌പോ-2023 എന്ന പേരില്‍ വ്യവസായ ഉത്പന്ന കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള  സംഘടിപ്പിക്കുന്നു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ പത്തിന് ഉദ്ഘാടനം നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെ സൗജന്യമായി മേളയില്‍ പ്രവേശിക്കാം.
യഥാര്‍ത്ഥ കൈത്തറി ഉത്പന്നങ്ങളായ തോര്‍ത്ത്, മുണ്ടും നേര്യതും, കൈത്തറി സാരി, ഒറ്റമുണ്ട്, കാവി, കളര്‍മുണ്ട്, പുതപ്പ്, കൈത്തറി സില്‍ക്ക് സാരി തുടങ്ങിയ കൈത്തറി വസ്ത്രങ്ങള്‍ എന്നിവ ഹാന്‍ഡ്‌ലൂം മാര്‍ക്ക് ലോഗോയോടുകൂടി മേളയില്‍ പ്രദര്‍ശിപ്പിക്കും. ഗവ റിബേറ്റിലായിരിക്കും വിപണനം. കൂടാതെ റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, ആയുര്‍വേദ ഉത്പന്നങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍, വാതിലുകളും ജനലുകളും, കാര്‍ഷികോപകരണങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍, ചൂരല്‍-മുള ഉത്പന്നങ്ങള്‍, ബാഗുകള്‍, ഫര്‍ണീച്ചര്‍ തുടങ്ങിയ വിവിധ വ്യാവസായിക ഉത്പന്നങ്ങളുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ജില്ലയിലെ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വില്‍പ്പന നടത്തുന്നതിനും ഉദ്ദേശിച്ചാണ് ഇന്‍ഡ് എക്‌സ്‌പോ-2023 സംഘടിപ്പിക്കുന്നത്.

date