Skip to main content

മാലിന്യ മുക്ത ജില്ല: പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കാൻ തീരുമാനം

ആലപ്പുഴ:  ജില്ലയെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന്റെ മുന്നോടിയായി മാർച്ച് 31നകം ഖരമാലിന്യ മുക്ത ജില്ലയാക്കുന്നതിന് ജില്ലാ പഞ്ചായത്തിൽ ചേർന്ന ക്യാമ്പയിൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സംയുക്ത പ്രോജക്ടുകൾക്ക് മതിയായ ഫണ്ട് വിഹിതം ജില്ലാ  - ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് കണ്ടെത്തുന്നതിനും ധാരണയായി. 
നവംബർ 30 നകം എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനും പ്രവർത്തിക്കാതിരിക്കുന്ന പൊതു ഏറോബിക് കംപോസ്റ്റ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും തീരുമാനിച്ചു.  ഹരിത കർമ്മസേനാംഗങ്ങൾക്കുംആരോഗ്യവിഭാഗം ജീവനക്കാർക്കും പരിശീലനം നൽകും. ഓണാഘോഷങ്ങൾ ഉൾപ്പെടെ ഹരിത ഉത്സവങ്ങൾ പ്രോത്സാഹിപ്പിക്കും. വഴിയിടം( ടെയ്ക്ക് - എ -ബ്രേക്ക് ) ടോയ്‌ലറ്റ് സമുച്ചയങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും തുമ്പൂർമൂഴി സംവിധാനം ആധുനികവത്കരിക്കുന്നതിന് മുംബൈ ഐ ഐ റ്റി യുടെയും കാർഷിക സർവ്വകലാശാലയുടേയും സഹായം തേടുന്നതിനും ഏറോബിക് യൂണിറ്റുകളിലെ ജൈവവളം മാർക്കറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി പ്രിയടീച്ചർ ,തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വി.സുദേശൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ആർ. ദേവദാസ്, ജില്ലതല ഉദ്യോഗസ്ഥർ കുടുംബശ്രീ,കില പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date