Skip to main content
പാണഞ്ചേരി പഞ്ചായത്ത് തല മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

പട്ടിക്കാട് ചീനാട്ടി കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

- പാണഞ്ചേരി പഞ്ചായത്ത് തല മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു

- കൂടുതൽ ആളുകൾ മത്സ്യകൃഷി രംഗത്തേക്ക് കടന്നുവരണമെന്ന് മന്ത്രി കെ രാജൻ

ജനകീയ മത്സ്യകൃഷി 2023 - 24 പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം പരിപാടിയുടെ പാണഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. പട്ടിക്കാട് ചീനാട്ടി കുളത്തിൽ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. സുരക്ഷിതമായ മത്സ്യം തീൻമേശയിൽ എത്തിക്കേണ്ടത് അനിവാര്യമായ കടമയാണെന്ന് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ടൺ കണക്കിന് അഴുകിയ മത്സ്യങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ സുരക്ഷിതമായി മത്സ്യകൃഷി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ ആളുകൾ മത്സ്യകൃഷി രംഗത്തേക്ക് കടന്നുവരണം. പാലുൽപാദനരംഗത്ത് സ്വയം പര്യാപ്തത ആർജ്ജിച്ചത് പോലെ മത്സ്യകൃഷിരംഗത്തു ഉൾപ്പെടെ സമസ്ത മേഖലകളിലും ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതാണ് സർക്കാർ ലക്ഷ്യം. ഇതിനായുള്ള കൂട്ടായ ശ്രമം വിജയകരമായി മുൻപോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

പാണഞ്ചേരി പഞ്ചായത്തിലെ പത്തോളം കുളങ്ങളിലാണ് ജനകീയ മത്സ്യകൃഷി ഉള്ളത്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആനി ജോയി സ്വാഗതം പറഞ്ഞു. ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടിക്കാട് ഡിവിഷൻ മെമ്പർ രമ്യ രാജേഷ്, ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ ജോയ്നി ജേക്കബ്ബ് , വകുപ്പ് ഉദ്യോഗസ്ഥർ , പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ചീനാട്ടി കുളത്തിൽ 2400 കാർപ്പ് ( മൃഗാല, ഗ്രാസ്സ് കാർപ്പ്, കോമൺ കാർപ്പ് ) എന്നീ വിഭാഗങ്ങളിൽ പെട്ട മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

date