Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി:  സാംസ്‌കാരികോത്സവം കൊടിയിറങ്ങി

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്‌കാരികോത്സവം കൊടിയിറങ്ങി. നഗരചത്വരത്തില്‍ നടന്ന സമാപന സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മുഖ്യാഥിതിയായി.

സാംസ്‌കാരികോത്സവത്തിൽ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ നടത്തിയ വിവിധ കലാപരിപാടികള്‍ക്ക് വലിയ രീതിയിലുള്ള ജനപിന്തുണയും പങ്കാളിത്തവുമാണ് ലഭിച്ചത്. ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീര്‍ പുന്നയ്ക്കല്‍, എം.ആര്‍. പ്രേം, ആര്‍. വിനീത, കൗണ്‍സിലര്‍മാരായ സലിം മുല്ലാത്ത്, പി. രതീഷ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' കാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ എ.എം. ആരിഫ് എം.പി. ചൊല്ലിക്കൊടുത്തു. വൈകുന്നേരം നടന്ന കലാസന്ധ്യയില്‍ ആലപ്പുഴ നാട്യകലാ ക്ഷേത്രംത്തിന്റെ 'നൃത്തവസന്തം 2023'ഉം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ് കുമാര്‍ നയിച്ച സംഗീത സന്ധ്യയും അരങ്ങേറി.

date