Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ്: പിറവം വള്ളംകളി സെപ്റ്റംബറിൽ 

 

കഴിഞ്ഞ വർഷത്തിലേതു പോലെ  ഇത്തവണയും  ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) മത്സരങ്ങൾ പിറവത്ത് വിജയകരമാക്കുമെന്ന് അനുപ് ജേക്കബ് എം.എൽ എ. പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം വള്ളം കളിമത്സര നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന  പ്രാദേശിക കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ.

ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.ജില്ലയിൽ മറൈൻ ഡ്രൈവ്, പിറവം എന്നിവിടങ്ങളിലാണ്  സി ബി എൽ മത്സരങ്ങൾ നടത്തുന്നത്. പിറവം വള്ളംകളിയുടെ അന്തിമ തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സെപ്തംബറിൽ നടക്കുമെന്ന് അറിയിച്ചത് പ്രകാരം മത്സര നടത്തിപ്പിന്റെ പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനിച്ചു. 

 കഴിഞ്ഞ വർഷം നടന്ന സിബി എൽ മത്സരങ്ങളിൽ ഏറ്റവും മികച്ചത് എന്ന ഖ്യാതി നേടിയ പിറവം വള്ളംകളി ഇത്തവണയും മികവ് പുലർത്തണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ പറഞ്ഞു. പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്താൻ കഴിഞ്ഞ വർഷത്തിലേതുപോലെ മത്സരങ്ങൾ കര തിരിച്ച് നടത്തണമെന്ന് കമ്മറ്റിയിൽ അഭിപ്രായമുയർന്നു. മത്സരം നടത്തുന്നതിന് വിവിധ പഞ്ചായത്തുകളിൽ നിന്നും പൂർണ പിന്തുണയുണ്ടാകുമെന്ന് കമ്മറ്റിയിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പു നൽകി.

പ്രാദേശിക കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി   ജില്ലാ ചുമതലയുള്ള മന്ത്രി പി. രാജീവും ചെയർമാൻ അനൂപ് ജേക്കബ് എം.എൽ.എ.യും ആയിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് രക്ഷാധികാരി, ജില്ലാകളക്ടർ എൻ.എസ് കെ. ഉമേഷ് ജനറൽ കൺവീനർ , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ  സത്യജിത്ത് ശങ്കർ കൺവീനർ എന്നിങ്ങനെയാണ് പ്രാദേശിക കമ്മിറ്റിയിൽ ചുമതലപ്പെടുത്തിയിരിക്കുന്നത്.

 തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ അംഗങ്ങൾ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഡി വൈ എസ് പി (ജനറൽ), ടൂറിസം വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ,മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ,  ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, 
ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസർ ,
ഡിവിഷണൽ ഓഫീസർ, ഫയർ ആന്റ് റെസ്ക്യു സർവ്വീസസ് എന്നിവരും പ്രാദേശിക കമ്മിറ്റിയിൽ അംഗങ്ങളാണ്.

കൊള്ളിക്കൽ ഇറിഗേഷൻ ഐ.ബിയിൽ നടന്ന പ്രാദേശിക കമ്മിറ്റി യോഗത്തിൽ ആർ.ഡി.ഒ. പി.എം. അനി, നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് , വൈസ് ചെയർമാൻ കെ.പി.സലിം  തഹസിൽദാർ രജ്ഞിത് ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

date