Skip to main content

ജനകീയ മത്സ്യകൃഷി : മൂവാറ്റുപുഴ ബ്ലോക്കിലെ പൊതു ചിറകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിവിധ ഗ്രാമപഞ്ചായത്തുകളിലെ പൊതു ചിറകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  പദ്ധതിയുടെ ഭാഗമായി ആവോലി, വാളകം, പായിപ്ര, മാറാടി, മഞ്ഞള്ളൂർ  പഞ്ചായത്തുകളിലായി  22,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

 ഉൾനാടൻ മത്സ്യോൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറയിലും  പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറയിലും മാറാടി പഞ്ചായത്തിലെ കാക്കൂചിറയിലും മഞ്ഞള്ളൂർ പഞ്ചായത്തിലെ മഞ്ഞള്ളൂർ ചിറയിലുമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. പഞ്ചായത്തുകളിലെ 24  പൊതു ചിറകളിലും മത്സ്യങ്ങളെ നിക്ഷേപിക്കും. 

ജലാശയങ്ങളിലെ പായലുകളും മറ്റും ഭക്ഷിച്ചു സ്വഭാവികമായി വളരുന്ന കാർപ്പ് ഇനത്തിൽപ്പെട്ട കട്ല, രോഹു, മൃഗാൾ, ഗ്രാസ്കാർപ്പ് തുടങ്ങിയ ഇനം മീനുകളെയാണ് നിക്ഷേപിച്ചത്. ഇവ 10 മാസം കൊണ്ട് ഏകദേശം ഒരു കിലോയോളം തൂക്കം വെക്കും. മത്സ്യ കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി പ്രാദേശികമായി ചിറ സംരക്ഷണസമിതി  രൂപീകരിച്ചിട്ടുണ്ട്. 
വിളവെടുക്കാൻ കഴിയുന്നതും കെട്ടി സംരക്ഷിച്ചതും വെള്ളം വറ്റാത്തതുമായ ചിറകളാണ് മത്സ്യ കൃഷിക്കായി തെരഞ്ഞെടുക്കുന്നത്.

date