Skip to main content

സംരംഭകര്‍ക്കായുള്ള ധനസഹായ പദ്ധതികള്‍

സംരംഭക സംസ്‌കാരം വളര്‍ത്താന്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ സംരംഭകത്വ വികസന ക്ലബ്ബുകള്‍

20,000 രൂപ ധനസഹായം

യുവജനങ്ങള്‍ക്കിടയില്‍ സംരംഭക സംസ്‌ക്കാരം വളര്‍ത്തുക ലക്ഷ്യമിട്ട് കൊമേഴ്‌സ് കോഴ്‌സ് ഉള്ള കോളെജുകള്‍, ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവിടങ്ങളില്‍ സംരംഭകത്വ വികസന ക്ലബുകള്‍ (ഇ.ഡി ക്ലബ്ബ്) രൂപീകരിക്കുന്നതിനായി വ്യവസായ വകുപ്പ് ധനസഹായം നല്‍കുന്നു. ഇ.ഡി. ക്ലബ്ബുകളില്‍ കുറഞ്ഞത് 25 അംഗങ്ങളെങ്കിലും ഉണ്ടാവണം. പ്രിന്‍സിപ്പാള്‍, സ്റ്റാഫ് കൗണ്‍സിലര്‍, ടീച്ചിങ് സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് ഒരു ജോയിന്റ് കമ്മിറ്റി രൂപീകരിക്കണം. ശേഷം എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം വ്യവസായ വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം.
പദ്ധതി പ്രകാരം ഒരു ഇ.ഡി ക്ലബിന് പതിനായിരം രൂപ വീതം രണ്ട് ഗഡുക്കളായി 20,000 രൂപ വരെ ധനസഹായമായി നല്‍കും. സംരംഭക ഗുണങ്ങളെ പരിപോഷിപ്പിക്കാനും വിജയിച്ച സംരംഭകരുടെ മനോഭാവവും ഗുണങ്ങളും മൂല്യവും നൈപുണ്യവും ഇ.ഡി. ക്ലബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്താനും ബോധവത്ക്കരണ ക്ലാസുകള്‍, സംവാദങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, റിസോഴ്‌സ് പരിശീലനങ്ങള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക ഉപയോഗപ്പെടുത്താം.
ജില്ലയില്‍ ഇതുവരെ 80 ഇ.ഡി ക്ലബ്ബുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷം 19 ക്ലബ്ബുകള്‍ക്കായി 1.90 ലക്ഷം രൂപ ഒന്നാം ഗഡുവായി വിതരണം ചെയ്തിട്ടുണ്ട്. ഒന്നാം ഗഡു വിതരണം ചെയ്ത് ആറ് മാസത്തിന് ശേഷമായിരിക്കും രണ്ടാം ഗഡു വിതരണം ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.

 

date