Skip to main content

കുഞ്ഞു ഹർഷനെ കാണാൻ മന്ത്രിയെത്തി

 

കുണ്ടായിത്തോട് കരിമ്പാടം സ്‌പെഷ്യൽ അങ്കണവാടിയിലെ കുഞ്ഞ് ഹർഷനെയും ടീച്ചർ ശിൽപ്പയെയും കാണാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നേരിട്ടെത്തി. ഭിന്നശേഷിക്കാരെ സംരക്ഷിക്കുക എന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉൾപ്പെടെ എല്ലാവരുടെയും ചുമതലയാണ്.  അത്തരം കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ട സഹായം നൽകാൻ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു. ഹർഷനു വേണ്ട എല്ലാവിധത്തിലുമുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശിൽപ ടീച്ചർക്കും സ്പെഷ്യൽ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും മന്ത്രി അറിയിച്ചു.

ഇരു കൈകളും കാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹർഷനെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ശിൽപ്പയുടെ പരിശീലനത്തിലൂടെയും   മാതാപിതാക്കളായ ജയക്കുട്ടൻ, സുനിത എന്നിവരുടെ അകമഴിഞ്ഞ പിന്തുണയിലൂടെയുമാണ് സ്വയം നടക്കാനുള്ള പ്രാപ്തിയിലെത്തിച്ചത്. കുഞ്ഞിക്കാലടിവെക്കുന്ന ഹർഷന്റെ വീഡിയോ മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാന സർക്കാർ സാമൂഹ്യസുരക്ഷാ മിഷന് കീഴിൽ നടപ്പാക്കിയ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി (എസ്ഐഡി) പദ്ധതിയിലെ ചെറുവണ്ണൂർ കരിമ്പാടം സ്പെഷ്യൽ അങ്കണവാടിയിലാണ് ഹർഷൻ. ഒരു വർഷത്തെ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് മറ്റു കുട്ടികളെപ്പോലെ നിവർന്നുനിൽക്കാനും പരസഹായമില്ലാതെ നടക്കാനും ഹർഷന് സാധിച്ചത്.

സാധാരണ അങ്കണവാടിയിലെ കളിപ്പാട്ടങ്ങൾക്കും സൗകര്യങ്ങൾക്കും പുറമെ ശാരീരിക വൈകല്യമുള്ളവർക്കായി വാക്കർ, സ്റ്റിക് സൈക്കിൾ, നടത്തം പരിശീലിക്കാനുള്ള പാരലൽ ബാർ, ബാലൻസ് ബോർഡ് തുടങ്ങിയ നിരവധി ഉപകരണങ്ങൾ ഇവിടെയുണ്ട്‌. 

കോർപ്പറേഷൻ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി രാജൻ, കൗൺസിലർ എം പി ഷഹർബാൻ, മുൻ എംഎൽഎ വി.കെ.സി മമ്മദ് കോയ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഉദ്യോഗസ്ഥരായ മുജീബ് റഹ്മാൻ, റിനീഷ് തിരുവള്ളൂർ, മുഹമ്മദ് ഫൈസൽ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

date