Skip to main content

ഇനി പരിമിതികളില്ല, കുഞ്ഞിക്കാലടി വെച്ച് ഹർഷൻ നടന്നു തുടങ്ങി

 

ഇരു കൈകാലുകളും നിലത്തുകുത്തി മാത്രം നടക്കുമായിരുന്ന ഹർഷന്റെ ഇപ്പോഴുള്ള മാറ്റം ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. നീറുന്ന മനസ്സുമായി മകനെ അങ്കണവാടിയിലാക്കിയ രക്ഷിതാക്കൾ ഇപ്പോൾ സ്വന്തമായി നടക്കുന്ന കുഞ്ഞിനെ കാണുമ്പോൾ മനസ് നിറഞ്ഞ സന്തോഷത്തിലാണ്. ഹർഷൻ എന്നത്തേക്കാളും പ്രസരിപ്പാർന്ന കളിചിരിക്കാരനായിരിക്കുന്നു.

കുണ്ടായിത്തോട് കൊളത്തറയിലെ നാലു വയസ്സുകാരൻ ഹർഷൻ ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ ശിൽപ്പയുടെ അടുത്തെത്തുന്നത്. ഹർഷൻ ഇരു കൈകാലുകളും നിലത്തുകുത്തി മാത്രം നടക്കുന്നത് ഏറെ വിഷമകരമായ കാഴ്ചയായിരുന്നു അന്നു കണ്ടുനിന്നവർക്ക് .

സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഹർഷന്റെ കുടുംബത്തിന് കുട്ടിയുടെ വളർച്ചാ വികാസത്തിനായുള്ള ആഗ്രഹമല്ലാതെ, അവനെ മുന്നോട്ടുനയിക്കാനുള്ള ധാരണയോ അതു നിറവേറ്റാനുള്ള സാമ്പത്തിക സ്ഥിതിയോ ഉണ്ടായിരുന്നില്ല.

സ്പെഷ്യൽ എജ്യുക്കേറ്റർ ശിൽപ്പയുടെ പരിശീലനവും  മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ചേർന്നപ്പോൾ ഹർഷൻ  സ്വതന്ത്രമായി നടക്കാനുള്ള പ്രാപ്തിയിലേക്ക് എത്തി.

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ നടപ്പാക്കിയ സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി പദ്ധതിയിലാണ് കോർപ്പറേഷനിലെ ചെറുവണ്ണൂർ കരിമ്പാടം സ്പെഷ്യൽ അങ്കണവാടിയിലെ അധ്യാപികയ്ക്കൊപ്പം ഹർഷൻ എത്തുന്നത്. ഒരു വർഷത്തെ പരിചരണത്തിലൂടെയും പരിശീലനത്തിലൂടെയുമാണ് മറ്റു കുട്ടികളെപ്പോലെ നിവർന്നു നിൽക്കാനും പര സഹായമില്ലാതെ നടക്കാനും സാധിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലയിൽ ആരംഭിച്ച സ്പെഷ്യൽ അങ്കണവാടി പദ്ധതിയിൽ 25 സ്പെഷ്യൽ എജ്യുക്കേറ്റർമാർ 75 അങ്കണവാടികളിലായി സേവനമനുഷ്ഠിക്കുന്നു. 2234 കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി. അവരിൽ 1,141 കുട്ടികളെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. നിലവിൽ ജില്ലയിൽ 876 കുട്ടികൾക്ക് വകുപ്പ് പരിശീലനം നൽകുന്നുണ്ട്.

സാമൂഹ്യനീതി വകുപ്പിന്റെ  ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും ഭിന്നശേഷി സംബന്ധമായ പ്രത്യേക പരിശീലനം നൽകി അവരുടെ പരിപൂർണ്ണ സഹകരണം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്. അങ്കണവാടി ഹെൽപ്പർമാർക്കുള്ള പരിശീലനം നൽകുന്നുണ്ട്.

കുഞ്ഞിക്കാലടിവെക്കുന്ന ഹർഷന്റെ വീഡിയോ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ പങ്ക്‌വെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഹർഷനെ മന്ത്രി ഡോ. ആർ ബിന്ദു നാളെ (ആഗസ്റ്റ് 12) ഉച്ചക്ക് 2.45 ന് കുണ്ടായിത്തോട് കരിമ്പാടം അങ്കണവാടിയിലെത്തി സന്ദർശിക്കും.

date