Skip to main content

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി കെ.രാധകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തും

രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റ ഭാഗമായുള്ള എറണാകുളം ജില്ലാതല ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച (ഓഗസ്റ്റ് 15 ) രാവിലെ 8.30ന്  കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ തുടക്കമാകും. രാവിലെ 9ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍  പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. 

രാവിലെ 8.40 ന് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡിനുള്ള പ്ലറ്റൂണുകള്‍ അണിനിരക്കും.  പതാക ഉയര്‍ത്തിയതിന് ശേഷം മന്ത്രി പരേഡ് പരിശോധിക്കും. പ്ലാറ്റുണുകളുടെ മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. ജില്ലാ കളക്ര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ.അക്ബര്‍ എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 

സായുധ സേന പതാക ദിന ഫണ്ടിലേക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ വ്യക്തികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എവര്‍ റോളിങ് ട്രോഫി ചടങ്ങില്‍ സമ്മാനിക്കും. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്ലറ്റൂണുകള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.

30 പ്ലാറ്റൂണുകളും മൂന്ന് ബാന്റ് സംഘവുമാണ് ഇത്തവണ പരേഡില്‍  അണിനിരിക്കുന്നത്. ഡി.എച്ച്.ക്യൂ ക്യാമ്പ് കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, എറണാകുളം റൂറല്‍ വനിതാ പോലീസ്, കൊച്ചി സിറ്റി ലോക്കല്‍ വനിതാ പോലീസ്,  കേരള ആംഡ് പ്ലാറ്റൂണ്‍ തൃപ്പുണിത്തുറ ബറ്റാലിയന്‍, എക്സൈസ്, സീ കേഡറ്റ്‌സ് കോപ്‌സ് (സീനിയര്‍ ), 21 കേരള ബി.എന്‍ എന്‍.സി.സി തുടങ്ങി 9 ആയുധങ്ങളോടെയുള്ള പ്ലറ്റൂണുകളും ഫയര്‍ ഫോഴ്‌സ്, ടീം കേരള, കേരള സിവില്‍ ഡിഫന്‍സ്, വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, റെഡ് ക്രോസ് തുടങ്ങി 18 നിരായുധ പ്ലറ്റൂണുകളുമാണ് പരേഡില്‍ പങ്കെടുക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. എ.ഡി.എം എസ്.ഷാജഹാന്‍ സന്നിഹിതനായിരുന്നു.

date