Skip to main content

വിഷരഹിത പച്ചക്കറി ഉറപ്പാക്കാന്‍ ആലക്കോട് ഗ്രാമപഞ്ചായത്ത്

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി ആലക്കോട് ഗ്രാമ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി സബ്സിഡി നിരക്കില്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് പച്ചക്കറി തൈകൾ  വിതരണം ചെയ്യും. സാധ്യമായ വിഭവശേഷി പ്രയോജനപ്പെടുത്തി പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി കൃഷി ചെയ്യാന്‍ പറ്റുന്ന തൈകളാണ് നല്‍കുക. അത്യാവശ്യം വരുന്ന പച്ചക്കറികള്‍ വീട്ടില്‍ തന്നെ നട്ട് പിടിപ്പിക്കാന്‍ സാധിക്കണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി രൂപീകരിച്ചത്. കഴിഞ്ഞ ഗ്രാമസഭയില്‍ അപേക്ഷ നല്‍കിയ പഞ്ചായത്ത് പരിധിയിലെ 840 പേര്‍ക്കാണ് വിതരണം ചെയ്യുന്നത്. വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, പയര്‍ എന്നിങ്ങനെ ഒരു അപേക്ഷകന് 5 യൂണിറ്റ് വീതം മൊത്തം 4200 വിത്തും തൈയുമാണ് നല്‍കുക. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
ഒരു യൂണിറ്റിന് ചട്ടിയും മണ്ണും ഉള്‍പ്പെടെ 200 രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ 150 രൂപയാണ് പഞ്ചായത്ത് സബ്സിഡിയായി നല്‍കുന്നത്. 50 രൂപ അപേക്ഷകന്‍ അടക്കണം.
അടുത്ത വര്‍ഷമാവുമ്പോഴേക്കും പഞ്ചായത്തിലെ മുഴുവന്‍ ആളുകളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കി എല്ലാവര്‍ക്കും വിഷരഹിത പച്ചക്കറി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡണ്ട് കെ എം ജോസഫ് പറഞ്ഞു.

date