Skip to main content

മാലിന്യ പരിപാലന ശേഖരണ യൂണിറ്റുകളിൽ പരിശോധന

തിരുവനന്തപുരം ജില്ലയിലെ മാലിന്യ പരിപാലനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മാലിന്യ ശേഖരണ യൂണിറ്റുകളിൽ ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടരുന്നു. പോത്തൻകോട്, കഠിനംകുളം, മംഗലപുരം പഞ്ചായത്തുകളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ സ്‌ക്വാഡ് പരിശോധന നടത്തി. പഞ്ചായത്തുകളിലെ മാലിന്യ ശേഖരണ - സംസ്‌കരണ യൂണിറ്റുകളുടെ നിലവാരവും പ്രവർത്തനങ്ങളും വിലയിരുത്തുകയാണ് ലക്ഷ്യം.  

കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന എം.സി.എഫിൽ, സ്ഥല പരിമിതിയെ തുടർന്ന് തരംതിരിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ എം.സി.എഫ് നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിർദേശം നൽകി.

എം.സി.എഫുകളിലെ സ്ഥല സൗകര്യം, ഗതാഗത സൗകര്യം, വൈദ്യുതി ലഭ്യത, ശുചിമുറി സൗകര്യം, കുടിവെള്ള ലഭ്യത തുടങ്ങിയ അടിസ്ഥാനവികസനസൗകര്യങ്ങളും പരിശോധനയുടെ ഭാഗമാണ്. പോത്തൻകോട്, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലെ എം.സി.എഫുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് സംഘം വിലയിരുത്തി.

ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി,പോലീസ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

date