Skip to main content

ഓണത്തിരക്ക് : കുന്നംകുളത്ത് അനധികൃത പാര്‍ക്കിങ്ങിന് വിലക്ക്

ഓണത്തിരക്ക് ഒഴിവാക്കാന്‍ കുന്നംകുളം പുതിയ ബസ്റ്റാന്‍ഡ് പരിസരത്തും പ്രധാന റോഡുകളിലും അനധികൃത പാര്‍ക്കിങ്ങ് പാടില്ലെന്ന മുന്നറിയിപ്പുമായി നഗരസഭ ഗതാഗത ഉപദേശക കമ്മറ്റി.ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതു മൂലം ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന പരാതി പരിഹരിക്കുമെന്ന് പോലീസ് യോഗത്തില്‍ ഉറപ്പുനല്‍കി. മലായ ജംക്ഷനിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക പോലീസ് സേവനവും ഉറപ്പാക്കും.

പുതിയ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റു നല്‍കുന്ന കാര്യം ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയില്‍ തീരുമാനമെടുത്തതിനു ശേഷമേ നടപ്പാക്കാനാകൂവെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.വ്യാപാരികള്‍ ഓണത്തിരക്കുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധ ചെലുത്താമെന്നും ഉറപ്പുനല്‍കി. നഗരത്തില്‍ പ്രധാന റോഡുകളില്‍ മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ ഉടന്‍ പുതുക്കി വരയ്ക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ക്ക് പോലീസ് അറിയിപ്പ് നല്‍കും.

പോലീസ് സ്റ്റേഷനു മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മൂലം ഗതാഗത പ്രശ്നമുണ്ടെന്ന പരാതിയില്‍ ഉടന്‍ പരിഹാരം കാണും.ട്രഷറി റോഡ് വികസനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നഗരസഭ ഹൈക്കോടതിയില്‍ പൊതുമരാമത്ത് വകുപ്പിനൊപ്പം കക്ഷി ചേരും. ഓണക്കാലത്ത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ഇവിടുത്തെ ഗതാഗതം സുഗമമാക്കാന്‍ വ്യാപാരികളുടെ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൗണ്‍സിലര്‍മാര്‍, എസ് ഐ അരുണ്‍കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മധു, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ പി സാക്സണ്‍, ബസ്, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date