Skip to main content
കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം.

സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളത്ത് കര്‍ഷകദിനം

കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം. കുന്നംകുളം ടൗണ്‍ഹാളില്‍ കുന്നംകുളം – ആര്‍ത്താറ്റ് കൃഷിഭവനുകള്‍ സംയുക്തമായാണ് കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നടത്തിയത്.

കര്‍ഷകര്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഇനങ്ങളുടെ വില്പനയും പഴയ കാലത്തെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കര്‍ഷകരുടെ കലാപരിപാടികളും ഓണസദ്യയും ചിങ്ങം ഒന്നിനെ പോയ്മറഞ്ഞ നല്ലനാളുകളുടെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിച്ചു.

നഗരസഭ പരിധിയിലെ വിവിധ കര്‍ഷകര്‍ ടൌണ്‍ഹാളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ ജനപ്രതിനിധികളും അവര്‍ക്കൊപ്പം കൂട്ടുകൂടി കാര്‍ഷിക സമ്പല്‍ സമൃദ്ധിയുടെ പുതിയ ചുവടുവയ്പിലേക്ക് ചെന്നെത്തേണ്ട വിധത്തെ കുറിച്ച് കര്‍ഷകരോട് ആരാഞ്ഞു.

കൃഷിയെ വലിയൊരു ഉദ്യമത്തിലേക്ക് നയിച്ച മുതിര്‍ന്ന കര്‍ഷകരായ ഗംഗാധരന്‍ ചൂണ്ടപ്പുരയ്ക്കല്‍, ജോസഫ് വാഴപ്പിള്ളി എന്നവര്‍ക്ക് നഗരസഭ പ്രത്യേക ആദരം നല്‍കി. മികച്ച തെങ്ങ് കര്‍ഷകന്‍, വനിത കര്‍ഷക, പട്ടികജാതി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, യുവ കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, നെല്‍കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ഉത്തമ കര്‍ഷകന്‍ എന്നിങ്ങനെയുള്ള 22 ഇനങ്ങളിലായി കര്‍ഷകരെ ആദരിച്ചു.

എ സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കര്‍ഷകനെയും കാര്‍ഷിക നയങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്ന നിലപാട് സ്വീകരിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് എം എല്‍ എ പറഞ്ഞു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ മിനി മോണ്‍സി, കൗണ്‍സിലര്‍മാര്‍, കൃഷി ഓഫീസര്‍മാരായ എസ് ജയന്‍, എമിലി, വൈ എസ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില്‍ കുന്നംകുളം നഗരസഭ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നിന്ന് സ്ഥലം മാറി പോകുന്ന ഡോ. രേണുവിന് നഗരസഭയുടെ ഉപഹാരം നല്‍കി.

date