Skip to main content
കലക്ടറേറ്റ് കോണ്‍ഫറന്‍സില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിങ്.

ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യം: വനിതാ കമ്മിഷന്‍ വനിതാ കമ്മിഷന്‍ സിറ്റിങ് നടന്നു

സമൂഹത്തില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുക അത്യാവശ്യമാണെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി അഭിപ്രായപ്പെട്ടു. ശാസ്ത്രബോധമില്ലായ്മമൂലം ദുര്‍മന്ത്രവാദം പോലുള്ള തട്ടിപ്പുകളില്‍ സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതലായി ഇരയാകുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍, വസ്തു സംബന്ധമായ പ്രശ്‌നങ്ങള്‍, പോക്‌സോ ആരോപണം, വീട്ടുജോലിക്ക് ശമ്പളം നല്‍കാതിരിക്കല്‍, അയല്‍വാസികളുമായുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ 40 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. സ്വത്ത് തര്‍ക്കം പോക്‌സോ കേസാക്കി മാറ്റാന്‍ ശ്രമിച്ച പരാതി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കുന്നതിന് ശിശു സംരക്ഷണ ഓഫീസര്‍ക്ക് കൈമാറി.
സിറ്റിങ്ങില്‍ 32 പരാതികള്‍ പരിഗണിച്ചു. നാലെണ്ണം തീര്‍പ്പാക്കി. മൂന്ന് പരാതികളില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണത്തില്‍ പരാതിക്കാര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ തീരുമാനമായി. ബാക്കി 22 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സില്‍ നടന്ന സിറ്റിങ്ങില്‍ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷക അഡ്വ. പി. അഞ്ജന, വനിതാ സെല്‍ എസ്.ഐ സോഫിയ, സിവില്‍ പോലീസ് ഓഫീസര്‍ അനിത, കൗണ്‍സിലര്‍മാരായ ഡിംബിള്‍, പി. ബിന്ദ്യ, കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, ബി.എസ് പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

date