Skip to main content

മലപ്പുറത്തിന്റെ ആരോഗ്യമേഖലയുടെ വികസനത്തിന് 39.775 കോടി രൂപ അനുവദിച്ചു

 

 

മലപ്പുറം ജില്ലയുടെ ആരോഗ്യ മേഖലയുടെ വികസനത്തിന് 39.775 കോടി രൂപ അനുവദിച്ചു. കെട്ടിടങ്ങൾ ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് പ്രകാരം തുക അനുവദിച്ചത്.

ജില്ലയിലെ 51 ആരോഗ്യ ഉപകേന്ദ്രങ്ങള്‍, നാല്  കുടുംബാരോഗ്യകേന്ദ്രങ്ങള്‍,  ഒരു സിഎച്ച്എസി തുടങ്ങിയവയ്ക്ക് ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കും. 

 

ജില്ലയിലെ 51 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കായി 28.305 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.  ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് 1.43 കോടി രൂപ പ്രകാരം നാല് കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനായി 5.72 കോടി രൂപയും അനുവദിച്ചു. സി.എച്ച്.എസിയുടെ നിര്‍മ്മാണത്തിനായി 5.75 കോടി രൂപയും അനുവദിച്ചു. 

പദ്ധതിയുടെ ആദ്യ ഘട്ടമായി 2022-2023 ലെ ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും ഓരോ ആരോഗ്യ ഉപകേന്ദ്രത്തിനും 27.5 ലക്ഷം രൂപയും  കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്കായി  35.75 ലക്ഷം രൂപയും  സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി 1.15 കോടി രൂപയും അനുവദിച്ചു. അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ്  ഈ തുക അനുവദിച്ചിട്ടുള്ളത്.  ഈ  തുക കെട്ടിട നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനുളള ആദ്യ ഗഡുവായി പരിഗണിച്ച് ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ബഹു വര്‍ഷ പ്രോജക്ടിന് രൂപം നല്‍കി  കെട്ടിട നിര്‍മ്മാണം ആരംഭിക്കും. 

 

സി.എച്ച്‌.സി കെട്ടിടത്തിനായി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ എടവണ്ണ സി.എച്ച്‌.സിയാണ്  തെരഞ്ഞെടുത്തിട്ടുള്ളത്. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനായി എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ എ.ആര്‍ നഗര്‍ കുടുംബാരോഗ്യകേന്ദ്രം,  വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെട്ടത്തൂര്‍ കുടുംബാരോഗ്യകേന്ദ്രം, കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ കീഴുപറമ്പ് കുടുംബാരോഗ്യകേന്ദ്രം, മക്കരപറമ്പ് ഗ്രാമപഞ്ചായത്തിലെ മക്കരപറമ്പ് കുടുംബാരോഗ്യകേന്ദ്രം എന്നിവയെയും തെരഞ്ഞെടുത്തു.

 

date