Skip to main content

ചെണ്ടുമല്ലി വിളവെടുപ്പ് ഉൽസവമാക്കി വള്ളിക്കുന്ന്

 

ചെണ്ടുമല്ലി വിളവെടുപ്പ് ഉൽസവമാക്കി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് 50000 തോളം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തിരുന്നത്. കുടുബശ്രീ ഗ്രൂപ്പുകൾ എല്ലാ വാർഡുകളിലും തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി പരീക്ഷണാർത്ഥത്തിൽ ചെയ്ത കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. തരിശുഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, ഓണക്കാലത്ത് പൂക്കൾ നമ്മൾ ഉൽപാദിപ്പിച്ച് അതിന്റെ വിപണന സാധ്യത ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ രാധ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമൻ പരുത്തിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം രാധാകൃഷ്ണൻ, വി ശ്രീനാഥ്, വിനീത കാളാടൻ, കൃഷി ഓഫീസർ അമൃത, സി ഡി എസ് പ്രസിഡന്റ് ബിന്ദു എന്നിവർ പങ്കെടുത്തു. 

വൽസല മേച്ചേരി, മാളുക്കുട്ടി താഴത്തയിൽ, ടി.സി രജനി എന്നിവരുടെ നേതൃത്വത്തിലാണ് 50 സെന്റിൽ തൈകൾ വെച്ച് പിടിപ്പിച്ചത്. ഇത്തരത്തിൽ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 10 ഏക്കറിൽ അധികം ചെണ്ടുമല്ലി കൃഷി വിവിധ ഗ്രൂപ്പുകൾ ചെയ്തു വരുന്നുണ്ട്. ഓണക്കാലത്തെ വിപണ സാധ്യത മുന്നിൽ കണ്ട് കർഷകരുടെ പൂക്കൾ വിപണനം നടത്താൻ കുടുംബശ്രീ ചന്തയിൽ പ്രതേകം സ്റ്റാളും ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

date