Skip to main content
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചെലവു നിരക്കു നിശ്ചയിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ കക്ഷി പ്രതിനിധി-ഉദ്യോഗസ്ഥരുടെ യോഗം.

തെരഞ്ഞെടുപ്പിന് ചെലവു നിരക്കായി;പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും

കോട്ടയം: പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പു പോസ്റ്ററുകളും മറ്റു പ്രചാരണഉപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവു കണക്കിൽ പെടും. ജില്ലാ തെരഞ്ഞെടുപ്പു ഓഫീസർ നിശ്ചയിച്ച പ്രകാരം പോസ്റ്ററുകൾ മറച്ചാൽ/നീക്കിയാൽ(ആന്റി ഡീഫേസ്‌മെന്റ്) ഒരെണ്ണത്തിന് മൂന്നു രൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽ ഉൾപ്പെടുത്തും. പ്രചാരണബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒെരണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിനു മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
ആന്റി ഡീഫേസ്‌മെന്റ് സ്്ക്വാഡ് ആണ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചു പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പ്രചാരണസാമഗ്രികൾ നീക്കുക. ഇതിനു ചെലവാകുന്ന തുക സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പുചെലവായി കണക്കാക്കും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചെലവു നിരക്കു നിശ്ചയിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന രാഷ്ട്രീയ കക്ഷി പ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫീസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവ നീക്കം ചെയ്യുന്നതാണ്. സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കരുത്.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ ചെലവു നിർണയിക്കാനായി 184 ഇനങ്ങൾക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 1951ലെ ജനപ്രാതിനിധ്യനിയമം 77(1) അനുസരിച്ച് എല്ലാ സ്ഥാനാർഥികളും നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ചെലവ് സംബന്ധിച്ച് പ്രത്യേകവും കൃത്യവുമായ അക്കൗണ്ട് നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്. ഒരു സ്ഥാനാർഥിയ്ക്ക് പ്രചാരണത്തിന് പരമാവധി ചെലവിടാവുന്ന തുക 40 ലക്ഷമാണ്.
 2000 വാട്ട്‌സ് മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് (ആംപ്ലിഫയർ, മൈക്രോഫോൺ, സ്പീക്കർ, ബോക്‌സുകൾ  എന്നിവ അടക്കം) ആദ്യദിവസത്തിന് 4000 രൂപയും തുടർന്നുള്ള ഓരോദിവസത്തിനും 2000 രൂപവച്ചുമാണ് പ്രതിദിന നിരക്ക്. 5000 വാട്ട്്‌സുള്ള മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസം 10000 രൂപയും പിന്നീടുളള ദിവസങ്ങളിൽ 5000 രൂപയുമാണ്് നിരക്ക്.10000 വാട്ട്‌സിന്റെ ഹൈ എൻഡ് മൈക്ക് സംവിധാനമാണെങ്കിൽ ഇത് ആദ്യദിനം 20000 രൂപയും പിന്നീടുള്ള ദിവസങ്ങളിൽ 10000 രൂപയും ആകും.  
 തടിയിലുള്ള തുണികൊണ്ടുള്ള ബാനർ ചതുരശ്ര അടിക്ക് 30 രൂപ, തുണി കൊണ്ടുള്ള കൊടി ചതുരശ്ര അടിക്ക് 10 രൂപ എന്നിങ്ങനെയാണ് നിരക്ക്. കട്ടൗട്ട് തുണിയിലാണെങ്കിൽ ചതുരശ്രഅടിക്ക് 43 രൂപ വച്ചും തടിയിലാണങ്കിൽ ചതുരശ്ര അടിക്ക് 54 രൂപ വച്ചും കണക്കാക്കും. തെരഞ്ഞെടുപ്പു പ്രചാരണ ഓഫീസ് നിർമാണത്തിന് ചതുരശ്ര അടിക്ക് 20 രൂപയാണ് നിരക്ക്. പോളിംഗ് സ്‌റ്റേഷനു സമീപമുള്ള ബൂത്തുകളുടെ നിർമാണത്തിന് 500 രൂപ വച്ചും.  പത്തുപേരുള്ള ചെണ്ടമേളത്തിന് ദിവസം 7000 രൂപ, 20 പേരുടെ ആണെങ്കിൽ ദിവസം 13000 രൂപ, ഗാനമേള/നാടൻപാട്ട്; ഗായകർക്ക് 500 രൂപവച്ച്, നാദസ്വരത്തോടു കൂടിയ കാവടിയാട്ടത്തിന് ദിവസം 10000 രൂപ വച്ച്, നാദസ്വരം മാത്രമെങ്കിൽ 4000 രൂപ, പഞ്ചവാദ്യം 5000 രൂപ, ബാൻഡ് സെറ്റ് 4000രൂപവച്ച് എന്നിങ്ങനെയാണ് പ്രതിദിന നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.  
 ഹോർഡിങ്ങുകൾ സ്ഥാപിക്കുമ്പോൾ ചതുരശ്ര അടിക്ക് 30 രൂപ എന്ന നിരക്കിൽ കണക്കാക്കും. ടി.വി. ചാനലുകൾ, പത്രമാധ്യമങ്ങൾ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർണയിച്ചിട്ടുള്ള നിരക്കുകളാണ് ബാധകമാവുക. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഒറ്റയാഴ്ച 100 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്‌ഫോം ഒന്നിന് 100 രൂപ നിരക്കിലും 1000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്‌ഫോം ഒന്നിന് 700 രൂപ നിരക്കിലും  40000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്‌ഫോം ഒന്നിന് 10000 രൂപ നിരക്കിലുമായിരിക്കും ഈടാക്കുക.
യോഗത്തിൽ തെരഞ്ഞെടുപ്പുചെലവ് നിരീക്ഷണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറായ എസ്.ആർ. അനിൽകുമാർ, രാഷ്ട്രീകക്ഷി പ്രതിനിധികളായ ജോഷി ഫിലിപ്പ്, ഏബ്രഹാം തോമസ്, കെ.സി. സണ്ണി, കെ.കെ. ഫിലിപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date