Skip to main content

146 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

 മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി. 20,000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണരംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് മേപ്പാടി സൂചിപ്പാറയിലെ കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മാലിന്യം ശാസ്ത്രീയമായ രീതിയില്‍ നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തുകയും നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.
ജില്ലാ സ്‌ക്വാഡ് ലീഡര്‍ എം. ഷാജു, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ. റഹീം ഫൈസല്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ ഫവാസ് ഷമീം, ജൂനിയര്‍ സൂപ്രണ്ട് എന്‍.ബി ബിജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ്, എം. രമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date