Skip to main content
കാണം വിറ്റ് ഓണം ഉണ്ണേണ്ട... സര്‍ക്കാര്‍ ഒപ്പമുണ്ട്

നടത്തറ കുടുംബശ്രീ ഓണം വിപണന മേളയ്ക്ക് തുടക്കമായി

കാണം വിറ്റ് ഓണം ഉണ്ണേണ്ട... സര്‍ക്കാര്‍ ഒപ്പമുണ്ട്.. ഓണത്തിന് മുമ്പ് തന്നെ 3200 രൂപ പെന്‍ഷന്‍ ഒരോ അമ്മമാരുടെ കൈകളിലും എത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നടത്തറ ഗ്രാമപഞ്ചായത്ത് സിഡിഎസ് നേതൃത്വത്തില്‍ നടന്ന കുടുംബശ്രീയുടെ ഓണം വിപണനമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്ന കാര്യം തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. പ്രളയവും കോവിഡും ഒക്കെ നേരിട്ട സമൂഹമാണ് നമ്മുടേത്. അന്ന് നടത്തിയ അവസരോചിതമായ ഇടപെടലിന്റെ ബാക്കി പത്രമാണ് സാമ്പത്തിക പിരിമുറുക്കം. അന്നത്തെ അവസരോചിത ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നുള്ള പലരും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ല. കോവിഡ് കാലത്ത് ഏവരെയും ചേര്‍ത്തു നിര്‍ത്തിയ സര്‍ക്കാര്‍ ആണ് നമ്മുടേതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ആശ്രയ പദ്ധതി അത്യപൂര്‍വ്വമായ കരുതലിന്റെയും സ്‌നേഹത്തിന്റെയും മാതൃകയാണെന്നും മന്ത്രി ക്കൂട്ടി ചേര്‍ത്തു.

ഓണം വിപണനമേള ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഓണം ഘോഷയാത്രയും നടന്നു. ഓഗസ്റ്റ് 28 വരെയാണ് ഓണം വിപണന മേള. ചടങ്ങില്‍

ആശ്രയ പദ്ധതിയില്‍ അംഗങ്ങളായ അമ്മമാര്‍ക്ക് ഓണ കോടി സമ്മാനിച്ചു. പൂച്ചട്ടി സെന്‍ട്രലില്‍ നടന്ന പരിപാടിയില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. നടത്തറ കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജീജ ജയന്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എ കവിത വിശിഷ്ടാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ രഞ്ജിത്ത്, ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ അഭിലാഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിയ ഗിഫ്റ്റിന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date