Skip to main content

സഹജീവി സ്‌നേഹത്തില്‍ പുതുതലമുറയെ വാര്‍ത്തെടുക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍

സഹജീവി സ്‌നേഹത്തില്‍ അധിഷ്ഠിതമായ പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വടക്കാഞ്ചേരി ഗവ. മോഡല്‍ ബോയ്‌സ് എച്ച് എസ് സ്‌കൂളില്‍ സംഘടിപ്പിച്ച സമര്‍പ്പണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഹരിത കര്‍മ്മസേനക്കൊപ്പം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സമൂഹത്തില്‍ മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് കൂടി പരിഹാരം കാണാന്‍ കഴിയണം. സംസ്ഥാന സര്‍ക്കാര്‍ മനുഷ്യന്റെ എല്ലാ അടിസ്ഥാന പ്രശ്‌നങ്ങളിലും ഇടപ്പെട്ട് ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുകയാണ്. ഇന്ന് കേരളം വിശപ്പ് രഹിത സംസ്ഥാനമാണ്. നീതി ആയോഗിന്റെ സൂചികകളില്‍ ഉള്‍പ്പെടെ അത് പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ആശാവര്‍ക്കര്‍മാര്‍ക്കും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ഓണക്കോടി നല്‍കി ആദരിച്ചു. വടക്കാഞ്ചേരി ക്ലസ്റ്ററിലെ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാരുടെ കലാപരിപാടികള്‍ അരങ്ങേറി. ശ്രീ- അന്ന പോഷന്‍ മാഹ് പദ്ധതിയുടെ ഭാഗമായുള്ള മില്ലറ്റ് മേളയും സ്‌കൂള്‍ പരിസരത്ത് നടന്നു.

പരിപാടിയില്‍ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ ഓണക്കോടികള്‍ വിതരണം ചെയ്തു. വടക്കാഞ്ചേരി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം ആര്‍ അനൂപ് കിഷോര്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി വി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍ സന്ധ്യ കൊടക്കാടത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, സ്റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. ആര്‍ എന്‍ അന്‍സര്‍, മധ്യമേഖലാ കണ്‍വീനര്‍ ഡോ. എന്‍ രാജേഷ്, പ്രിന്‍സിപ്പാള്‍ പി പി പിങ്കി, പിടിഎ പ്രസിഡണ്ട് സി ആര്‍ നിഷാദ്, എം പിടിഎ പ്രസിഡന്റ് സജിനി ജിപ്‌സന്‍, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ വി എം കരീം, എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ എം വി പ്രതീഷ്, എന്‍ എസ് എസ് വടക്കാഞ്ചേരി ക്ലസ്റ്റര്‍ മെമ്പര്‍ ഇ എസ് ശ്രീകല, എസ് എം സി ചെയര്‍മാന്‍ കെ വി വത്സലകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date