Skip to main content

തെരഞ്ഞെടുപ്പ് ചെലവ്; നിർദേശങ്ങൾ പാലിക്കണമെന്ന് കളക്ടർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പിലെ ചെലവുകളുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പ്രധാന നിർദേശങ്ങൾ ചുവടെ.

ഒരു സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം രൂപയാണ് ചെലവാക്കാൻ അനുമതിയുള്ളത്. സീരിയൽ നമ്പരും പേജ് നമ്പരും കൃതമായി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് രജിസ്റ്റർ വരണാധികാരിയുടെ കാര്യാലയത്തിൽനിന്ന് ശേഖരിക്കണം.
തെരഞ്ഞെടുപ്പ് ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ഏജൻറിനെ നിയോഗിക്കുകയും ഇക്കാര്യം വരണാധികാരിയെ അറിയിക്കുകയും വേണം.
പ്രചാരണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെ നിരക്കുകളും അനുബന്ധ നിരക്കുകളും  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ നിർണയിച്ചിട്ടുണ്ട്. ചെലവ് കണക്കുകൾ തയാറാക്കുമ്പോൾ ഈ നിരക്കുകൾ കൃത്യമായി പാലിക്കണം.

സംശയ നിവാരണത്തിന് ചെലവ് നിരീക്ഷണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറെ (ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ് കോട്ടയം) ബന്ധപ്പെടാം.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള കണക്കുകൾ സൂക്ഷിക്കണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും അനുമതി വാങ്ങുകയും ഈ അനുമതി അതത് വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും വേണം. അനുമതി എടുത്തശേഷം വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ അക്കാര്യം
വരണാധികാരിയെ അറിയിച്ചാൽ അനുമതി റദ്ദാക്കി നൽകും. അല്ലാത്ത പക്ഷം വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരക്ക് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും.
എല്ലാ പണമിടപാടുകളും(ചിലവുകൾ, വായ്പകൾ, നിക്ഷേപങ്ങൾ തുങ്ങിയവ ഉൾപ്പെടെ) തെരഞ്ഞെടുപ്പ് ചെലവ് ഇടപാടുകൾക്കായി ആരംഭിച്ച അക്കൗണ്ടിലൂടെ ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ മുഖേന മാത്രമേ നടത്താൻ പാടുള്ളൂ. പാർട്ടി നൽകുന്ന ഫണ്ട്, സ്വന്തം കയ്യിൽനിന്ന് എടുക്കുന്നത്, മറ്റുള്ളവർ നൽകുന്ന സംഭാവനകൾ, വായ്പകൾ എന്നിവയുടെ വിശദ വിവരങ്ങൾ സൂക്ഷിക്കണം.  

പ്രചാരണ കാലയളവിൽ ചെലവ് നിരീക്ഷകൻ മൂന്ന് തവണ പരിശോധന
നടത്തും. അക്കൗണ്ടിന്റെ വിശദ വിവരങ്ങളും രജിസ്റ്ററുകളുമായി സ്ഥാനാർഥി നേരിട്ടോ ഏജന്റോ നിരീക്ഷകന്റെ മുമ്പാകെ ഹാജരാകണം. തെരഞ്ഞെടുപ്പ് ചെലവിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് വരണാധികാരി ബന്ധപ്പെടുകയോ നോട്ടീസ് നൽകുകയോ ചെയ്താൽ 48 മണിക്കൂറിനുള്ളിൽ പ്രതികരണം അറിയിക്കണം.

ഫലപ്രഖ്യാപനത്തിനുശേഷം 23 ദിവസത്തിനുള്ളിൽ  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ  തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലും 26-ാം ദിവസം സംഘടിപ്പിക്കുന്ന അക്കൗണ്ട് റെക്കൺസിലിയേഷൻ മീറ്റിംഗിലും സ്ഥാനാർഥിയോ ഏജന്റോ പങ്കെടുക്കണം. ഫലപ്രഖ്യാപനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട രേഖകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുമ്പാകെ ഹാജരാക്കണം.

date